വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്രിസ്മസ് – പുതുവർഷ സമ്മാനവുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ ബാങ്ക് വൻതോതിൽ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ വായ്പാ നിരക്കുകളിൽ മാറ്റം വരുത്തുന്ന ആദ്യ പൊതുമേഖലാ ബാങ്കുകളിലൊന്നാണ് യൂണിയൻ ബാങ്ക്. പുതുക്കിയ നിരക്കുകൾ 2025 ഡിസംബർ 18 മുതൽ പ്രാബല്യത്തിൽ വന്നു.
പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ
ഭവന വായ്പ: പലിശ നിരക്ക് 7.45 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി കുറഞ്ഞു (30 ബേസിസ് പോയിന്റ് കുറവ്).
വാഹന വായ്പ: 7.90 ശതമാനമായിരുന്ന പലിശ ഇനി മുതൽ 7.50 ശതമാനത്തിൽ ആരംഭിക്കും (40 ബേസിസ് പോയിന്റ് കുറവ്).
വ്യക്തിഗത വായ്പ: ഏറ്റവും വലിയ ഇളവ് ലഭിച്ചത് ഇവിടെയാണ്. 10.35 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 8.75 ശതമാനത്തിലേക്ക് കൂപ്പുകുത്തി (160 ബേസിസ് പോയിന്റ് കുറവ്).
കൂടാതെ, അർഹരായ ഗ്രീൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 0.10 ശതമാനം അധിക ഇളവും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസംബർ 5-ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ചതാണ് ബാങ്കുകളുടെ ഈ നീക്കത്തിന് പിന്നിൽ. വായ്പാ ചെലവ് കുറയുന്നതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വീട്, വാഹനം എന്നിവ വാങ്ങുന്നത് കൂടുതൽ എളുപ്പമാകും. സിബിൽ സ്കോർ, മറ്റ് യോഗ്യ മാനദണ്ഡങ്ങൾ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുക.
