തുർക്കി തലസ്ഥാനമായ അങ്കാറയിൽ നിന്ന് പറന്നുയർന്ന ഉടൻ ലിബിയൻ സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ ജെറ്റ് തകർന്നു വീണു. അപകടത്തിൽ ലിബിയൻ കരസേനാ മേധാവി ജനറൽ അൽ-ഫിതൂരി ഗ്രൈബിൽ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടതായി ലിബിയൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലിബിയയും തുർക്കിയും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനായുള്ള ഉന്നതതല ചർച്ചകൾക്കായി എത്തിയതായിരുന്നു ലിബിയൻ പ്രതിനിധി സംഘം. ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കരസേനാ മേധാവിക്കൊപ്പം മിലിട്ടറി കൺസ്ട്രക്ഷൻ അതോറിറ്റി മേധാവി ബ്രിഗേഡിയർ ജനറൽ മഹ്മൂദ് അൽ-ഖത്താവി, ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-അസാവി ദിയാബ്, സൈനിക ഫോട്ടോഗ്രാഫർ മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് എന്നിവരും മൂന്ന് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അങ്കാറയിലെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തകരുകയായിരുന്നു. സാങ്കേതിക തകരാർ മൂലം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ലിബിയൻ ഉദ്യോഗസ്ഥർ അറിയിച്ചു. ലിബിയൻ സൈന്യത്തിന് വലിയ നഷ്ടമുണ്ടാക്കിയ ഈ സംഭവത്തിൽ തുർക്കി ഗവൺമെന്റ് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
