ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ഏഥർ എനർജി. EL01 എന്ന ആശയത്തെ അടിസ്ഥാനമാക്കി ബജറ്റ് ഇലക്ട്രിക് സ്കൂട്ടറിനായി ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്. ഈ പുതിയ മോഡൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ വിപണിയിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വികസിപ്പിക്കുന്നത്.
450 സീരീസ് സ്കൂട്ടറുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം, റിസ്റ്റയിലൂടെ ഫാമിലി സ്കൂട്ടർ സെഗ്മെന്റിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. ലോഞ്ച് ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നായി റിസ്റ്റ മാറി. റിസ്റ്റയുടെ വൻ വിജയത്തിന് പിന്നാലെ, 2026-ൽ ഈ സ്കൂട്ടർ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ വിജയം ആവർത്തിക്കാനാണ് EL01 അധിഷ്ഠിത പുതിയ സ്കൂട്ടറിലൂടെ ഏഥർ ശ്രമിക്കുന്നത്.
ഈ വർഷം ആദ്യം നടന്ന ഏഥർ കമ്മ്യൂണിറ്റി ഡേ 2025-ൽ EL01 കൺസെപ്റ്റും, പുതിയ EL പ്ലാറ്റ്‌ഫോമും കമ്പനി അവതരിപ്പിച്ചിരുന്നു. EL01 ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തതോടെ, പുതിയ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കുമെന്നാണ് സൂചന. ഡിസൈൻ കാര്യത്തിൽ, EL01 കൺസെപ്റ്റ് ഏഥർ റിസ്റ്റയോട് സാമ്യമുള്ള രൂപകൽപ്പനയാണ്, എന്നാൽ ചില പ്രധാന മാറ്റങ്ങളോടുകൂടി. എൽഇഡി ഹെഡ്‌ലാമ്പ്, ഫ്രണ്ട് ആപ്രണിലൂടെ കടന്നുപോകുന്ന നേർത്ത എൽഇഡി ഡിആർഎൽ, സ്ലീക്ക് ബോഡി പാനലുകൾ, സിംഗിൾ-പീസ് സീറ്റ്, പില്യൺ ബാക്ക്‌റെസ്റ്റ്, ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കൺസെപ്റ്റ് മോഡലിൽ 7.0 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.
EL01 കൺസെപ്റ്റിൽ ഫ്ലോർബോർഡിൽ ഘടിപ്പിച്ച ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 2 kWh മുതൽ 5 kWh വരെ ശേഷിയുള്ള വിവിധ ബാറ്ററി ഓപ്ഷനുകൾ പിന്തുണയ്ക്കുന്ന തരത്തിലാണ് EL പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ പതിപ്പിൽ ഒന്നിലധികം ബാറ്ററി ഓപ്ഷനുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റ ചാർജിൽ ഏകദേശം 150 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഏഥർ റിസ്റ്റയുടെ വിലകുറഞ്ഞ പതിപ്പാണെന്നാണ് റിപ്പോർട്ടുകൾ.
