പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച നാല്പത് കിലോയോളം കഞ്ചാവ് അയ്യമ്പുഴ ചുള്ളി ഒലിവ്മൗണ്ടിൽ പോലീസ് പിടികൂടി. കഞ്ചാവുമായി എത്തിയ കൊൽക്കത്ത സ്വദേശികളായ അൻവർ , സെയ്ദ് ഇസ്ലാം എന്നിവരെ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്തയിൽ നിന്ന് ഇവർ ട്രെയിൻ മാർഗം നാലുബാഗുകളിലാക്കിയ കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തുകയും , അവിടെ നിന്ന് ഓട്ടോറിക്ഷ വാടകക്ക് വിളിച്ചുമാണ് ചുള്ളി ഒലിവ്മൗണ്ടിലേക്ക് എത്തിയത്. ഇതിനിടയിൽ രഹസ്യവിവരത്തെ തുടർന്ന് എത്തിയ സ്പെഷ്യൽ സ്ക്വാഡും അയ്യമ്പുഴ പോലീസും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.
ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് അങ്കമാലിക്കാണ് ഇവർ ഓട്ടം വിളിച്ചത് എന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. അങ്കമാലി എത്തിയപ്പോൾ മൂക്കന്നൂർ ആശുപത്രിയുടെ അടുത്തേക്ക് പോകണം എന്ന് ആവിശ്യപ്പെടുകയായിരുന്നു. മൂക്കന്നൂരിൽ എത്തിയപ്പോൾ ഒലിവ് മൗണ്ട് ഭാഗത്തേക്ക് പോകാനും ആവശ്യപ്പെട്ടു. പന്തികേട് തോന്നിയ ഓട്ടോ ഡ്രൈവർ വാടക ആവിശ്യപ്പെട്ടപ്പോൾ അവരുടെ കൈയ്യിൽ പണം ഇല്ല എന്നും ഒലിവ് മൗണ്ടിൽ എത്തുമ്പോൾ ആരുടെയോ കൈയിൽ നിന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞതുകൊണ്ട് ഗത്യന്തരമില്ലാതെ ഒലിവ് മൗണ്ടിലേക്ക് യാത്ര തുടരുകയായിരുന്നു . ഒലിവ് മൗണ്ട് പള്ളി കഴിഞ്ഞ് ചുള്ളി റോഡിലൂടെ വരുമ്പോൾ പെട്ടെന്ന് എത്തിയ പോലീസ് സംഘം ഓട്ടോറിക്ഷ തടഞ്ഞ് നിർത്തുകയായിരുന്നു വെന്നും പോലീസ് പറഞ്ഞപ്പോഴാണ് ഓട്ടോയിൽ ഉള്ളവർ കഞ്ചാവുമായാണ് യാത്ര ചെയ്യുന്നത് എന്നകാര്യം തനിക്ക് മനസ്സിൽആകുന്നത് എന്നുംഓട്ടോ ഡ്രൈവർ പറയുന്നു.
ആർക്ക് നൽകാനാണ് ഇവർ കഞ്ചാവുംമായി ഒലിവ് മൗണ്ട് ചുള്ളി ഭാഗത്തേക്ക് വന്നത് എന്നതിനെ കുറിച്ച് പ്രതികളെവിശദമായി ചോദ്യം ചെയ്താലേ അറിയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
