Your Image Description Your Image Description

മുംബയ്: ഇന്ത്യൻ തീരത്തോട് അപകടകരമാം വിധം അടുത്ത് ഇസ്രയേൽ എണ്ണക്കപ്പലിൽ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു. ഡ്രോണുകൾ ഉൾപ്പെടെ തകർക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈലുകളും ആധുനിക തോക്കുകളും വഹിക്കുന്ന ഐ. എൻ. എസ് മർമുഗോവ, കൊച്ചി, കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.

സമുദ്ര നിരീക്ഷണത്തിന് മാരിടൈം പട്രോൾ വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും സീ ഗാർഡിയൻ സായുധ ഡ്രോണുകളും ഉണ്ട്. ഇസ്രയേൽ എണ്ണക്കപ്പൽ എം. വി.ചെം പ്ലൂട്ടോയിൽ ഗുജറാത്ത് തീരത്തു നിന്ന് 217 നോട്ടിക്കൽ മൈൽ മാത്രം ( 370 കിലോമീറ്റർ) അകലെ വച്ചാണ് ഡ്രോൺ ആക്രമണം നടന്നത്.

അറബിക്കടലിൽ ഇന്ത്യൻ ഇക്കണോമിക് സോണിന്റെ അതിർത്തി 200 നോട്ടിക്കൽ മൈൽ ആണ്. അതിനോട് അടുത്തു നടന്ന ആക്രമണം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പൽ എം. വി സായി ബാബയിലും ഡ്രോൺ ആക്രമണം നടന്നിരുന്നു. അതിനിടെ,ഇസ്രയേൽ കപ്പൽ ഇന്ത്യൻ കപ്പൽ വിക്രമിന്റെ അകമ്പടിയോടെ തിങ്കളാഴ്ച മുംബയ് തുറമുഖത്ത് എത്തി.

ഡ്രോൺ ഇറാനിൽ നിന്നാണ് വിക്ഷേപിച്ചതെന്ന അമേരിക്കയുടെ ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. 2000 കിലോമീറ്റർ വരെ പറക്കുന്ന ഡ്രോണുകൾ ഇറാനുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമേരിക്കയുടെ ആരോപണം.ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *