തിരുവൈരാണിക്കുളം മഹാദേവക്ഷേത്രo നടതുറപ്പ് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ. ജനുവരി 02 മുതൽ ജനുവരി 13 വരെ 12 ദിവസമാണ് ഉത്സവം നടക്കുക.
ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും
ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും
നേതൃത്വത്തിൽ ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗം ചേർന്നു.
ദർശനത്തിനായി ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്രീമൂലം പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. പാലത്തിലെ തെരുവ് വിളക്കുകൾ പൂർണ്ണമായി പ്രവർത്തനക്ഷമമാക്കും. കെ.എസ്.ആർ.ടി.സി പുലർച്ചെ നാല് മണി മുതൽ പ്രത്യേക സർവീസുകൾ നടത്തും. റോഡരികിലെ അനധികൃത പാർക്കിംഗും കച്ചവടവും ഒഴിവാക്കാൻ ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പിന്റെ സേവനവും ആംബുലൻസ് സൗകര്യവും 24 മണിക്കൂറും ലഭ്യമായിരിക്കും. ഭക്ഷണശാലകളിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് പ്രത്യേക പരിശോധനകൾ നടത്തും.പോലീസ്, ഫയർ ഫോഴ്സ് യൂണിറ്റുകൾ ക്ഷേത്രപരിസരത്ത് ക്യാമ്പ് ചെയ്യും. മോഷണശ്രമങ്ങൾ തടയാനും ഗതാഗത നിയന്ത്രണത്തിനും പ്രത്യേക പോലീസ് സംഘത്തെ വിന്യസിക്കും. എക്സൈസ് വകുപ്പിന്റെ കർശന നിരീക്ഷണം ഉണ്ടാകും. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ഉത്സവം നടക്കുക.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, എ എസ് പി ഹർദിക്ക് മീണ,ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹൻകുമാർ,സെക്രട്ടറി എ എൻ മോഹനൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
