മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ നിന്ന് ആവർത്തിച്ച് ഒഴിവാക്കപ്പെട്ടതിലെ വേദന തുറന്നുപറഞ്ഞ് യുവതാരം ഇഷാൻ കിഷൻ. ജാർഖണ്ഡിനെ കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ച ശേഷമാണ് താരം തന്റെ ഉള്ളിലെ കനൽ പങ്കുവെച്ചത്. മികച്ച ഫോമിൽ കളിക്കുമ്പോൾ പോലും ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ടത് തന്നെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നതായി ഇഷാൻ വെളിപ്പെടുത്തി.
അവഗണനയെ കഠിനാധ്വാനം കൊണ്ട് നേരിട്ടു “ടീം പ്രഖ്യാപിക്കുമ്പോൾ പേരുണ്ടോ എന്ന് നോക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. പേര് കാണാത്തപ്പോൾ വല്ലാത്ത വിഷമം തോന്നും. പക്ഷേ, ഇപ്പോൾ എനിക്ക് അത്തരം പ്രതീക്ഷകളൊന്നുമില്ല. മികച്ച പ്രകടനം നടത്തിയിട്ടും എന്നെ പരിഗണിക്കുന്നില്ലെങ്കിൽ, ഞാൻ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് അർത്ഥം,” ഇഷാൻ പറഞ്ഞു. ടീമിൽ നിന്നൊഴിവാക്കപ്പെടുമ്പോൾ തോന്നുന്ന അസ്വസ്ഥതകൾ നമ്മളെ ഭരിക്കാൻ അനുവദിക്കരുതെന്നും അത് പ്രകടനത്തെ ബാധിക്കുമെന്നും യുവതാരങ്ങൾക്ക് ഉപദേശമായി ഇഷാൻ കൂട്ടിചേർത്തു.
ജാർഖണ്ഡിന്റെ കിരീടനേട്ടം കരിയറിലെ പൊൻതൂവൽ
ഇതുവരെയുള്ള തന്റെ കരിയറിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിതെന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി വിജയത്തെക്കുറിച്ച് താരം പ്രതികരിച്ചു. തന്റെ ക്യാപ്റ്റൻസിയിൽ ഒരു ആഭ്യന്തര കിരീടം നേടുക എന്നത് കരിയറിലെ വലിയ ലക്ഷ്യമായിരുന്നു. സ്വന്തം കഴിവിൽ പലപ്പോഴും സംശയങ്ങൾ തോന്നിയേക്കാമെന്നും എന്നാൽ ഇത്തരം വിജയങ്ങൾ ആ സംശയങ്ങളെയെല്ലാം മായ്ച്ചുകളയുമെന്നും ഇഷാൻ കിഷൻ വ്യക്തമാക്കി.
