ഐപിഎൽ മിനി താരലേലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് കോടികൾ വാരിയെറിഞ്ഞതോടെ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ് തന്റെ മുൻ തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നു. വിവാഹത്തോടനുബന്ധിച്ച് അടുത്ത ഐപിഎൽ സീസണിലെ ആദ്യ പകുതിയിലെ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന താരം, വൻ തുകയ്ക്ക് ടീമിലെത്തിയതോടെ ഹണിമൂൺ മാറ്റിവെച്ച് ടൂർണമെന്റിൽ സജീവമാകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ലേലത്തിന് മുന്നോടിയായി, തന്റെ വിവാഹം നിശ്ചയിച്ചിട്ടുള്ളതിനാൽ നാല് മത്സരങ്ങളിൽ മാത്രമേ താൻ ലഭ്യമാകൂ എന്ന് ഇംഗ്ലിസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പരിമിതികൾക്കിടയിലും ലക്നൗ സൂപ്പർ ജയന്റ്സ് ഇംഗ്ലിസിനായി 8.6 കോടി രൂപയാണ് മുടക്കിയത്. ടീമിൽ ഇതിനോടകം തന്നെ റിഷഭ് പന്ത്, നിക്കോളാസ് പൂരൻ എന്നീ ലോകോത്തര വിക്കറ്റ് കീപ്പർമാർ ഉള്ളപ്പോഴാണ് ലക്നൗ ഈ സാഹസത്തിന് മുതിർന്നത് എന്നത് ആരാധകരെയും മറ്റ് ടീമുകളെയും ഒരുപോലെ ഞെട്ടിച്ചു. സൺറൈസേഴ്സ് ഹൈദരാബാദും താരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്നു.
ഏപ്രിൽ 18-നാണ് ജോഷ് ഇംഗ്ലിസിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹശേഷം ഹണിമൂണിനായി സമയം മാറ്റിവെച്ചതിനാലാണ് താരം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലേലത്തിൽ അപ്രതീക്ഷിതമായി ലഭിച്ച വലിയ തുക താരത്തിന്റെ മനസ്സുമാറ്റാൻ കാരണമായി. വൻ തുക ലഭിച്ചാൽ ഇംഗ്ലിസ് തീരുമാനം മാറ്റിയേക്കുമെന്ന് ലക്നൗ പരിശീലകൻ ജസ്റ്റിൻ ലാംഗറും ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നേരത്തെ കണക്കുകൂട്ടിയിരുന്നു. ഇതാണ് ലേലത്തിൽ ഇവർ വാശിയോടെ വിളിക്കാൻ കാരണമായതും.
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സ് താരമായിരുന്ന ഇംഗ്ലിസ്, നാല് മത്സരങ്ങളിൽ മാത്രമേ കളിക്കൂ എന്ന് അറിയിച്ചതോടെയാണ് പരിശീലകൻ റിക്കി പോണ്ടിംഗ് താരത്തെ കൈവിടാൻ തീരുമാനിച്ചത്. എന്നാൽ താരം വൻ തുകയ്ക്ക് ലക്നൗവിൽ എത്തിയതോടെ പഞ്ചാബ് ടീം മാനേജ്‌മെന്റ് രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഇംഗ്ലിസ് തന്റെ ലഭ്യതയെക്കുറിച്ചുള്ള വിവരം അവസാന നിമിഷമാണ് അറിയിച്ചതെന്നും ഇത് ഒരു പ്രൊഫഷണൽ താരത്തിന് യോജിച്ച രീതിയല്ലെന്നും പഞ്ചാബ് സഹ ഉടമ നെസ് വാഡിയ ആരോപിച്ചു.
