Home » Blog » Top News » പോലീസില്‍ നിന്ന് ഭക്തര്‍ പ്രതീക്ഷിക്കുന്നത് നല്ല പെരുമാറ്റം മാത്രം: സ്‌പെഷ്യല്‍ ഓഫീസര്‍ പി.ബാലകൃഷ്ണന്‍ നായര്‍
FB_IMG_1766057911264

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ പോലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നല്ല പെരുമാറ്റം മാത്രമാണെന്ന്

സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പി.ബാലകൃഷ്ണന്‍ നായര്‍. സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ ബാച്ചിനെ അഭിസംബോധന ചെയ്ത് ശാസ്താ ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ പോലീസ് ഡ്യൂട്ടിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ശബരിമലയിലേത്. ശബരിമല ധര്‍മ്മശാസ്താവിനെ കാണാന്‍ ഇവിടെയെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കലാണ് പോലീസിന്റെ ഡ്യൂട്ടി. ക്രിമിനലുകളോട് ഇടപെടുമ്പോഴുള്ള പെരുമാറ്റം മാറ്റിവെച്ചായിരിക്കണം ഭക്തരോടുള്ള പെരുമാറ്റം. അയ്യപ്പനെ മാത്രം വിചാരിച്ച് ഇവിടെയെത്തുന്ന ഭക്തരോട് ഏറ്റവും സൗമ്യമായി മാത്രമേ പെരുമാറാവൂ. തത്വമസി എന്ന ആപ്തവാക്യം മനസിലാക്കിയുള്ള പെരുമാറ്റമാണ് അയ്യപ്പനും പോലീസ് വകുപ്പും പ്രതീക്ഷിക്കുന്നത്.

കേരള പോലീസിന്റെ ഏറ്റവും വലിയ ഇമേജ് ബില്‍ഡിംഗ് ഡ്യൂട്ടി കൂടിയാണിത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് ഏറെയും. ഈ സംസ്ഥാനങ്ങളിലെ പോലീസും കേരള പോലീസും തമ്മിലുള്ള വ്യത്യാസം എന്താണെന്നും കേരള പോലീസ് എന്തുകൊണ്ട് നമ്പര്‍ വണ്‍ ആകുന്നു എന്നും കാണിച്ചുകൊടുക്കാനുള്ള അവസരമാണിത്. ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റത്തിലൂടെയും സമീപനത്തിലൂടെയും ആണ് ഇതു സാധ്യമാകുക.

ദുഷ്‌ക്കരമായ സാഹചര്യത്തിലും നന്നായി പെരുമാറാന്‍ കഴിയുമ്പോഴാണ് കേരള പോലീസിന്റെ മഹത്വം വര്‍ധിക്കുക. നാലും അഞ്ചും മണിക്കൂര്‍ കഠിനമായ മലയാത്ര കഴിഞ്ഞ് മണിക്കൂറുകള്‍ ക്യൂ നിന്ന് ആണ് അയ്യപ്പന്മാര്‍ ദര്‍ശനത്തിനെത്തുന്നത്. ഈ പ്രയാസം മനസിലാക്കി വേണം അവരോട് പെരുമാറാന്‍. ഇത് ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും മനസിലുണ്ടാകണം.

ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ കഴിയുന്നതു തന്നെ മഹാഭാഗ്യമാണ്. മാനവസേവയാണ് ഏറ്റവും വലിയ മാധവസേവ. അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് എല്ലാ സൗകര്യവും ഒരുക്കി നല്‍കുകയാണ് വേണ്ടത്. ഡ്യൂട്ടിയിലുള്ള സമയത്ത് അല്ലാത്തപ്പോഴും സോപാനത്തിന് സമീപം തിരുനടയില്‍ നിന്ന് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്ക് താഴെ, നടപ്പന്തല്‍, യു ടേണ്‍, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, പാണ്ടിത്താവളം എന്നിങ്ങനെ 10 സെക്ടറുകളായി തിരിച്ചാണ് സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. ഡിവൈഎസ്പിമാര്‍ക്കാണ് ഓരോ സെക്ടറിന്റെയും ചുമതല. 1593 പോലീസ് ഉദ്യോഗസ്ഥരാണ് നാലാമത്തെ ബാച്ചിലുള്ളത്. ഡിസംബര്‍ 28 വരെയാണ് ഈ ബാച്ചിന്റെ സേവനകാലാവധി.

ആറുഘട്ടങ്ങളായാണ് സന്നിധാനത്ത് പോലീസിനെ വിന്യസിക്കുന്നത്. ഡിസംബര്‍ 19 മുതല്‍ 28 വരെയുള്ള കാലയളവില്‍ നാലാംഘട്ടവും 29 മുതല്‍ ജനുവരി 9 വരെ അഞ്ചാംഘട്ടവും ജനുവരി 9 മുതല്‍ 20 വരെ ആറാംഘട്ടവുമായാണ് പോലീസിനെ വിന്യസിക്കുന്നത്.

അഡീഷണല്‍ എസ് പി എ.പി. ചന്ദ്രന്‍, ഡിവൈഎസ്പിമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.