പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പ്രധാന മുന്നറിയിപ്പ്. 2026-ഓടെ ഫോണുകളുടെ വിലയിൽ 6.9 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ വിലക്കയറ്റത്തിന് പിന്നിലെ വില്ലൻ മറ്റാരുമല്ല, അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെയാണ്. ആഗോളതലത്തിൽ അതിവേഗം വളരുന്ന AI ഡാറ്റാ സെന്ററുകൾക്ക് വൻതോതിൽ ഊർജ്ജവും നൂതന സാങ്കേതിക വിദ്യയും ആവശ്യമാണ്. ഇത്തരത്തിൽ AI മേഖലയിലെ കുതിച്ചുചാട്ടം സ്മാർട്ട്ഫോൺ വിപണിയെയും സാധാരണ ഉപഭോക്താക്കളെയും പരോക്ഷമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം, അത്യാധുനിക AI സെർവറുകൾക്കും സ്മാർട്ട്ഫോണുകൾക്കും സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ഒരേ തരത്തിലുള്ള മെമ്മറി ചിപ്പുകളാണ് (പ്രത്യേകിച്ച് DRAM) ഉപയോഗിക്കുന്നത്. എന്നാൽ, സ്മാർട്ട്ഫോൺ കമ്പനികളേക്കാൾ മെമ്മറി ചിപ്പ് നിർമ്മാതാക്കൾക്ക് കൂടുതൽ ലാഭം ലഭിക്കുന്നത് AI ഡാറ്റാ സെന്ററുകളിൽ നിന്നാണ്. അതിനാൽ ചിപ്പ് നിർമ്മാതാക്കൾ ഇത്തരം വമ്പൻ നിക്ഷേപകർക്ക് മുൻഗണന നൽകുന്നു. ഇത് സ്മാർട്ട്ഫോൺ നിർമ്മാണത്തിനാവശ്യമായ ചിപ്പുകളുടെ ലഭ്യത കുറയ്ക്കാനും അതുവഴി ഫോണുകളുടെ വില കുത്തനെ ഉയരാനും കാരണമാകുന്നു.
സ്മാർട്ട്ഫോൺ വിപണിയിലെ പ്രതിസന്ധി വരും വർഷങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നാണ് കൗണ്ടർപോയിന്റ് വിശകലന വിദഗ്ധരുടെ പുതിയ മുന്നറിയിപ്പ്. 2026-ന്റെ ആദ്യ പകുതിയോടെ മെമ്മറി ചിപ്പുകളുടെ വിലയിൽ 40 ശതമാനത്തോളം വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. ഫോൺ നിർമ്മാണത്തിനാവശ്യമായ ഘടകങ്ങളുടെ മൊത്തം ചിലവ് കുതിച്ചുയരുന്നത് നിർമ്മാതാക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നു. ഈ അധിക ചിലവ് കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് തന്നെ ഈടാക്കുന്നതോടെ സ്മാർട്ട്ഫോണുകളുടെ ആഗോള ശരാശരി വിലയിൽ 6.9 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കുറഞ്ഞ വിലയിലുള്ള ബജറ്റ് ഫോണുകളെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. 200 ഡോളറിൽ താഴെ വിലയുള്ള ഫോണുകളുടെ ഉത്പാദനച്ചെലവ് ഇതിനോടകം തന്നെ 20 മുതൽ 30 ശതമാനം വരെ വർദ്ധിച്ചു കഴിഞ്ഞു. മിഡ്-റേഞ്ച്, പ്രീമിയം ഫോണുകൾക്കും 15 ശതമാനം വരെ അധിക ചിലവ് വരുന്നുണ്ട്. ഫോൺ വാങ്ങാനുള്ള ചിലവ് കൂടുന്നതോടെ 2026-ൽ ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ വിൽപനയിൽ 2.1 ശതമാനം ഇടിവുണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു.
ആപ്പിൾ, സാംസങ് തുടങ്ങിയ വമ്പൻ കമ്പനികൾക്ക് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുമെങ്കിലും ചെറുകിട നിർമ്മാതാക്കൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഫോൺ വില വർദ്ധിപ്പിക്കാതിരിക്കാൻ ക്യാമറ, ഡിസ്പ്ലേ, സ്പീക്കർ തുടങ്ങിയ ഘടകങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനോ പഴയ മോഡൽ ഭാഗങ്ങൾ ഉപയോഗിക്കാനോ നിർമ്മാതാക്കൾ നിർബന്ധിതരായേക്കാം. ചുരുക്കത്തിൽ, വരും വർഷങ്ങളിൽ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോണുകൾ ലഭിക്കുക എന്നത് പ്രയാസകരമാകും.
