ഐപിഎൽ ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ആരും വാങ്ങാനില്ലാതെ പോയ നിരാശയിൽ നിന്ന് തമിഴ്മണ്ണിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് സർഫറാസ് ഖാൻ. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ സർഫറാസ്, തനിക്ക് പുതിയ ജീവിതം നൽകിയതിന് ചെന്നൈ സൂപ്പർ കിങ്സിന് ഇൻസ്റ്റഗ്രാമിലൂടെ വൈകാരികമായി നന്ദി പറഞ്ഞു. രണ്ടാം റൗണ്ടിൽ 75 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് സിഎസ്‌കെ താരത്തെ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണിൽ ഒരു ടീമും താത്പര്യം പ്രകടിപ്പിക്കാതിരുന്നിട്ടും തളരാതെ കഠിനാധ്വാനം ചെയ്ത താരമാണ് സർഫറാസ്. ശരീരഭാരം കുറച്ച് മികച്ച ഫിറ്റ്നസ് വീണ്ടെടുത്ത താരം ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ ടെസ്റ്റ് ടീമിലും തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായാണ് ഇപ്പോൾ ധോണിയുടെയും ഋതുരാജിന്റെയും ചെന്നൈ സംഘത്തിലേക്കുള്ള വിളി എത്തിയത്.
2015-ൽ 17-ാം വയസ്സിൽ ആർസിബിക്കായി അരങ്ങേറിയ സർഫറാസ് പിന്നീട് പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 50 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 585 റൺസാണ് സമ്പാദ്യം. ചെന്നൈ നൽകിയ ഈ സുവർണ്ണാവസരം തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് താരം.
