തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് അഭിപ്രായപ്പെട്ടു. മികച്ച വിജയം നേടാൻ അർഹതയുണ്ടായിരുന്നെങ്കിലും ജനവിധി മറിച്ചായിരുന്നു. ജനങ്ങൾക്കിടയിൽ ‘വ്യാമോഹങ്ങൾ’ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിൽ ആ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് പ്രധാനമാണ്. തിരഞ്ഞെടുപ്പിൽ അർഹിച്ചത്ര വോട്ടുകൾ നേടാൻ സാധിച്ചില്ല എന്നതുകൊണ്ട്, വികസന-ക്ഷേമ പ്രവർത്തനങ്ങളെ ജനം തള്ളിക്കളഞ്ഞു എന്ന് അർത്ഥമില്ലെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം സംസ്ഥാന സർക്കാരിനെതിരായ ജനവിധിയായി കാണുന്നതിനോട് യോജിക്കുന്നില്ലെന്ന് എം. സ്വരാജ് വ്യക്തമാക്കി. ഫലം സർക്കാരിനെതിരായ വികാരമായി വ്യാഖ്യാനിക്കുകയും മുഖപ്രസംഗങ്ങൾ എഴുതുകയും ചെയ്യുന്നവർ പഴയ യു.ഡി.എഫ്. ഭരണകാലത്തെ കേരളത്തിന്റെ അവസ്ഥ മറന്നുപോയവരാണ്. എൽ.ഡി.എഫ്. ഭരണത്തിന്റെ ഫലമായി നാട്ടിലുണ്ടായ മാറ്റങ്ങൾ ജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. വിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയും ജനങ്ങളിൽ നിന്ന് പഠിക്കുകയും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും രാഷ്ട്രീയ സ്വഭാവമുള്ള വോട്ടിംഗ് നടക്കുന്നത് ജില്ലാ പഞ്ചായത്തിലേക്കാണ്. ഇതിൽ ഇരുമുന്നണികളും ഏഴ് ജില്ലകളിലായി വിജയം നേടി ഒപ്പത്തിനൊപ്പമെത്തിയതായി എം. സ്വരാജ് ചൂണ്ടിക്കാട്ടി. യു.ഡി.എഫ്. വിജയിച്ച ജില്ലകളിൽ പകുതിയും താരതമ്യേന ചെറിയ ജില്ലകളാണ് എന്ന വസ്തുതയും അദ്ദേഹം എടുത്തുപറഞ്ഞു. ഒരു തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം കൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓർക്കണം. ഇതിനുമുമ്പ് 2010-ൽ എൽ.ഡി.എഫിന് ഇതിനേക്കാൾ കടുത്ത പരാജയം നേരിട്ടിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പിന്നീട് മുന്നണി മഹാവിജയം നേടിയത്. ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി വിജയിച്ചേ തീരൂ എന്നും എം. സ്വരാജ് പ്രത്യാശ പ്രകടിപ്പിച്ചു.
