രാജ്യവ്യാപകമായി ഇൻഡിഗോ എയർലൈൻസിന്റെ സർവീസുകൾ താളം തെറ്റിയതിനെ തുടർന്ന് എയർലൈൻസിനെതിരെ ശക്തമായ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ ഡിജിസിഎ നീക്കം ചെയ്തു.
പ്രതിസന്ധി രൂക്ഷമായതോടെ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ വിശദീകരണം നൽകുന്നതിനായി ഡിജിസിഎ വീണ്ടും വിളിപ്പിച്ചു. നാലംഗ സമിതിക്ക് മുന്നിൽ അദ്ദേഹം ഹാജരാകണമെന്നാണ് നിർദ്ദേശം. സർവീസ് പ്രതിസന്ധിയുടെ കാരണങ്ങൾ സംബന്ധിച്ച് വിശദീകരണം തേടുന്നതിനാണ് നടപടി. ഇന്നലെയും സിഇഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഡിജിസിഎയ്ക്ക് മുമ്പാകെ ഹാജരായിരുന്നു
ലോക്സഭയിലും രാജ്യസഭയിലും വിമാന യാത്രാ നിരക്ക് ചർച്ച
പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണെന്ന സംശയങ്ങൾക്കിടെ, ഇൻഡിഗോയുടെ സർവീസുകൾ വെട്ടിക്കുറച്ച് മറ്റ് കമ്പനികൾക്ക് കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പരിഗണിക്കുന്നുണ്ട്. വിമാന യാത്രാ നിരക്കുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വടകര എംപി ഷാഫി പറമ്പിലിന്റെ ഈ പ്രമേയം, ഉയർന്ന വിമാന നിരക്കുകൾ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യൽ സംവിധാനം വേണമെന്നും നിർദ്ദേശിക്കുന്നു.
