Your Image Description Your Image Description

കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഇടുക്കി ജില്ലയിലെ മറയൂരിലെത്തി.

മറയൂർ എസ്.ബി.ഐ യുടെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ ഹാളിലാണ് യാത്രയുടെ ഭാഗമായ പരിപാടികൾ സംഘടിപ്പിച്ചത്. എസ്ബിഐ  മാനേജർ രജ്ജിത്ത് ആർ  ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദീപ അരുൾജ്യോതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, സിനി പുന്നൂസ്, ഡോ.എസ് ജയബാബു, ആമോസ് റാം റെഹും, സാന്റോ പോൾ എന്നിവർ പ്രസംഗിച്ചു.

നബാര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിപാടിയിൽ പങ്കെടുത്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളില്‍ അര്‍ഹതയുള്ളവര്‍ക്ക് ക്യാമ്പില്‍ വച്ചു തന്നെ തത്വത്തില്‍ അംഗീകാരം നല്‍കി.

പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ആധാര്‍ സേവനങ്ങളും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര പ്രയാണം നടത്തുന്നത്.

കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ സാങ്കേതിക വിദ്യയും ജനങ്ങളെ പരിചയപ്പെടുത്തി.  വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പരിപാടിയിൽ പങ്കുവച്ചു. സാജു പറവൂർ ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *