ശ്രീനാഥ് ഭാസി നായകനായ ‘പൊങ്കാല’ നവംബർ 30 ഞായറാഴ്ച തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. മലയാള സിനിമാ ചരിത്രത്തിൽ വിരളമായി മാത്രം സംഭവിക്കുന്ന ഞായറാഴ്ച റിലീസിന് പിന്നിലെ കാരണം സിനിമയിലുള്ള അമിതമായ ആത്മവിശ്വാസമാണെന്ന് സംവിധായകൻ എ.ബി. ബിനിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഞായറാഴ്ചയും ഒരു ഉത്സവ പ്രതീതിയുള്ള ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാഥ് ഭാസിയുടെ പ്രതികരണം
“മലയാള സിനിമ ചരിത്രത്തിൽ തന്നെ വളരെ വിരളമായിട്ടേ ഞായറാഴ്ചകളിൽ സിനിമാ റിലീസ് നടന്നിട്ടുള്ളൂ. 11 ഫൈറ്റ് സീനുകൾ ഉൾപ്പെട്ട ഈ സിനിമയുടെ ഷൂട്ടിംഗ് അതികഠിനമായിരുന്നു. തീരദേശ മേഖലയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് കഥ രൂപപ്പെട്ടത്. തിയറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്,” ശ്രീനാഥ് ഭാസി പറഞ്ഞു.
ചിത്രത്തെക്കുറിച്ച്
എ. ബി. ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മാണം. ഡോണ തോമസാണ് കോ-പ്രൊഡ്യൂസർ. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
