
സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. കോട്ടയത്തെ സഭാ ആസ്ഥാനമായ ദേവലോകത്തെത്തിയ അദ്ദേഹം മാത്യൂസ് തൃതീയൻ കാത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭ ഉയർത്തിയ രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ സന്ദർശനം.
പാത്രിയാർക്കീസ് ബാവയുടെ മണർകാട് സന്ദർശനത്തോടനുബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓർത്തഡോക്സ് സഭ കടുത്ത അതൃപ്തിയിലായിരുന്നു. സന്ദർശക വിസയിലെത്തിയ പാത്രിയാർക്കീസ് ബാവയ്ക്ക്, കോടതിവിധി ലഭിച്ചതും ഓർത്തഡോക്സ് സഭയുടെ കീഴിലുമായ പള്ളിയിൽ എങ്ങനെ സന്ദർശനം നടത്താനാകുമെന്ന ചോദ്യമാണ് സഭ ഉയർത്തിയിരുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണനെയും രമേശ് ചെന്നിത്തലയെയും വേദിയിലിരുത്തിക്കൊണ്ട് സഭ ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശൻ നേരിട്ട് അനുനയ നീക്കവുമായി എത്തിയത്. സഭയിൽ നിന്ന് അകന്നുപോകുകയും മറുവിഭാഗത്തോട് കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്ന വിമർശനം സഭയ്ക്ക് നേരത്തേയുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കാത്തോലിക്കാ ബാവയും മറ്റ് സഭാ നേതാക്കളും കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി രംഗത്തെത്തിയത്
