
കൊച്ചി: അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുറഞ്ഞത് രണ്ടു മണിക്കൂർ പരിശോധന നടത്തുകയും ചെയ്യുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കുന്ന ‘ലിബർട്ടി എറ്റേണിയ’ സ്കീം അവതരിപ്പിച്ച് ലിബർട്ടി ജനറൽ ഇൻഷുറൻസ്. രാജ്യത്തെ ഇടത്തരം കുടുംബങ്ങളിൽ വർധിച്ചുവരുന്ന ചികിത്സ ചെലവുകൾക്കും ആരോഗ്യ സുരക്ഷയ്ക്കുമുള്ള സമഗ്ര പരിഹാരമായാണ് പദ്ധതി അവതരിപ്പിച്ചത്. ബേസിക്, എൻഹാൻസ്ഡ്, ഇൻഫിനിറ്റ് എന്നിങ്ങനെ മൂന്ന് രീതിയിൽ അവതരിപ്പിച്ച സ്കീമിൽ 5 ലക്ഷം മുതൽ 3 കോടി രൂപവരെ ഇൻഷുറൻസ് ലഭിക്കും. ഇൻഷുറൻസ് തുകയേക്കാൾ അധികം ബിൽ തുകയെങ്കിൽ ലഭ്യമാകുന്ന ഒറ്റത്തവണ പരിധിയില്ലാത്ത ക്ലെയിം സൗകര്യം, ആദ്യ ക്ലെയിം നടത്തുന്നതുവരെ പോളിസി എടുത്ത സമയത്തെ പ്രായം കണക്കാക്കിയുള്ള പ്രീമിയം, ക്ലെയിം ചെയ്തതിനു ശേഷവും ഇൻഷുറൻസ് തുക പുനഃസ്ഥാപിക്കുന്ന അൺലിമിറ്റഡ് റീസ്റ്റോറേഷൻ, കുറഞ്ഞത് രണ്ടു മണിക്കൂർ ആശുപത്രിവാസത്തിനുള്ള ഇൻഷുറൻസ് പരിരക്ഷ, മാരക രോഗം ബാധിക്കുകയോ ദീർഘകാലം ആശുപത്രിയിലാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മാസതവണകളായി പ്രീമിയം അടയ്ക്കുന്നതിനുള്ള ഇഎംഐ സൗകര്യം എന്നിവയാണ് ലിബർട്ടി എറ്റേണിയ സ്കീമിന്റെ പ്രത്യേകതകൾ. കിടത്തി ചികിത്സകൾക്കുപുറമെ ഡേ കെയർ, ഭവന ചികിത്സ, ആയുഷ് ചികിത്സ, അവയവങ്ങൾ ദാനം ചെയ്യുന്നവർക്കുള്ള ചെലവുകൾ, ആംബുലൻസ് സേവനം, ആരോഗ്യ പരിപാലന പരിപാടികൾ എന്നിവയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള 120 ദിവസത്തെയും ആശുപത്രിവാസത്തിനു ശേഷമുള്ള 180 ദിവസത്തെയും ചികിത്സാചെലവുകൾ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടും. ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ ഇൻഷുറൻസ് തുക വർധിക്കുന്ന ആനുകൂല്യവും ലഭ്യമാണ്.
ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന രാജ്യത്തെ ജനങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പദ്ധതിയാണ് ലിബർട്ടി എറ്റേണിയ എന്ന് ലിബർട്ടി ജനറൽ ഇൻഷുറൻസിന്റെ റീട്ടെയ്ൽ ആൻഡ് മാർക്കറ്റിംഗ് വിഭാഗം പ്രസിഡന്റ് ജയേഷ് ഖത്രി പറഞ്ഞു. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം 2017ന് ശേഷം ഇരട്ടിയായെങ്കിലും രാജ്യത്തെ പകുതിയോളം ജനങ്ങൾ ഇപ്പോഴും ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറത്താണ്. സാധാരണക്കാർക്ക് താങ്ങാവുന്നതും ദീർഘകാല സാമ്പത്തിക സുരക്ഷ നൽകുന്നതുമായ ഇൻഷുറൻസ് പദ്ധതികളുടെ ആവശ്യകതയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഈ വിഭാഗത്തിൽ മികച്ച ഓപ്ഷനാണ് ലിബർട്ടി എറ്റേണിയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടയർ 2, 3, 4 നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് മേഖലാടിസ്ഥാനത്തിലാണ് പ്രീമിയം കണക്കാക്കുക. പതിനായിരത്തിലധികം അംഗീകൃത ഏജന്റുകളുടെ സഹകരണത്തോടെ രാജ്യത്തെ ഏഴായിരത്തിലധികം ആശുപത്രികളിൽ ഇൻഷുറൻസ് സൗകര്യം ലഭ്യമാകുമെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
