Home » Blog » kerala Max » അപകീർത്തിക്കേസ്; പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി
9

ന്യൂഡൽഹി: പ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018-ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ അപകീർത്തിക്കേസിലാണ് സാകേത് കോടതിയുടെ ഈ നിർണ്ണായക നടപടി. പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനം റെയ്‌സ് ഖാൻ വാറണ്ട് പുറപ്പെടുവിച്ചത്. വികാസ് സാംകൃത്യായൻ എന്ന വികാസ് പാണ്ഡെ നൽകിയ പരാതിയിലാണ് കോടതി നടപടി.

2018 മെയ് മാസത്തിൽ ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയാണ് കേസിന് ആധാരം. ബിജെപി ഐടി സെൽ തനിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന വീഡിയോയിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നാണ് വികാസ് പാണ്ഡെയുടെ പരാതി. ഐസപ്പോർട്ട് നരേന്ദ്ര മോദി എന്ന സോഷ്യൽ മീഡിയ പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡെ, ഈ വീഡിയോ തന്റെ സൽപ്പേരിന് വലിയ കളങ്കമുണ്ടാക്കിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അന്ന് ഈ വീഡിയോ റീ ട്വീറ്റ് ചെയ്ത മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും പാണ്ഡെ കേസ് നൽകിയിരുന്നു. എന്നാൽ 2024 ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ കെജ്‌രിവാൾ മാപ്പ് പറഞ്ഞതോടെ അദ്ദേഹത്തിനെതിരായ നടപടികൾ അവസാനിപ്പിച്ചിരുന്നു.

എന്നാൽ, വീഡിയോ നിർമ്മിച്ച ധ്രുവ് റാഠിക്കെതിരായ നിയമനടപടികൾ വിചാരണ കോടതിയിൽ തുടരുകയായിരുന്നു. വിദേശത്ത് താമസിക്കുന്ന ധ്രുവ് റാഠിക്ക് വർഷങ്ങളോളം സമൻസ് കൈമാറാൻ സാധിച്ചിരുന്നില്ല. 2019 ജൂലൈയിലാണ് കോടതി ആദ്യമായി ഇദ്ദേഹത്തിന് സമൻസ് അയച്ചത്. അടുത്തിടെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ ധ്രുവ് റാഠി ഇന്ത്യയിൽ എത്തിയതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഒക്ടോബർ മാസത്തിൽ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിലാസത്തിൽ കോടതി പുതിയ സമൻസും ജാമ്യമില്ലാ വാറണ്ടിന് മുന്നോടിയായുള്ള ജാമ്യമുള്ള വാറണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാൽ നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് കോടതിയെ അറിയിച്ചു. ഇതോടെയാണ് കടുത്ത നടപടിയായ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ കോടതി തീരുമാനിച്ചത്. കേസ് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *