രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ അപകടസമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫരീദാബാദിൽ വെച്ച് ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിൽ അമോണിയം നൈട്രേറ്റ് ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പോലീസ് സ്റ്റേഷനും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു. സ്ഫോടനം നടക്കുന്ന സമയത്ത് തഹസീൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
