
തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. തർക്കത്തിനിടെ അഭിരാമിന്റെ തലയ്ക്ക് തേങ്ങകൊണ്ട് ശക്തമായി അടിച്ചതായി കേസിലെ 17കാരനായ പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഈ ആക്രമണത്തിൽ അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. പ്രതിക്ക് നൽകിയ കൗൺസിലിങ്ങിന് ശേഷമുള്ള ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മുൻകൂട്ടി ആസൂത്രണം ചെയ്താണ് അഭിരാമിനെ പ്രതി സംഭവസ്ഥലത്ത് എത്തിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ പോലീസ് കണ്ടെത്തിയിരുന്നു. തേങ്ങകൊണ്ടുള്ള അടിയേറ്റ് ബോധം നഷ്ടപ്പെട്ട അഭിരാമിനെ അവിടെ ഉപേക്ഷിച്ച് പോയ പ്രതി പിന്നീട് കൂട്ടാളിയായ ഒമറിനെയും കൂട്ടി തിരിച്ചെത്തി. തുടർന്ന് ഇരുവരും ചേർന്ന് അഭിരാമിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച തേങ്ങ പോലീസ് കണ്ടെത്തി. പ്രതികളെ ചോദ്യംചെയ്യുന്നതിനിടെ മൊഴികളിൽ മാറ്റം വരുത്തിയെങ്കിലും ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു പോലീസ്. അഭിരാമിന്റെ വസ്ത്രം, മാല, മൊബൈൽ ഫോൺ എന്നിവയും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
