
പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സി.പി.എം ഏരിയാ കമ്മിറ്റി. പൊതുവേദികൾ അലങ്കോലമാക്കുന്ന നിലപാട് എം.എൽ.എ തിരുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗം വി. കുഞ്ഞികൃഷ്ണൻ കവലപ്രസംഗമാക്കിയെന്നും പാർട്ടി ആരോപിച്ചു. അതേസമയം, സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭാരവാഹികളും ജീവനക്കാരും കൂവിയും ബഹളമുണ്ടാക്കിയും പ്രസംഗം തടസ്സപ്പെടുത്തിയെന്നാണ് എം.എൽ.എയുടെ ആരോപണം.
ആദ്യം പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശിയെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ സഹകരണ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് സ്ഥലം എം.എൽ.എയായ വി. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി ഉത്തരവിറക്കുകയായിരുന്നു. പ്രസംഗം ആരംഭിച്ചതോടെ സദസ്സിൽനിന്ന് കൂവലും ബഹളവും ഉയർന്നു. തുടർന്ന് പ്രസംഗം അവസാനിപ്പിച്ച എം.എൽ.എ ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. തന്റെ പേഴ്സണൽ സ്റ്റാഫിനെ പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് പോലീസിൽ പരാതിയും നൽകി. പോലീസ് നടപടിയുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാൽ വി. കുഞ്ഞികൃഷ്ണൻ നടത്തിയ രാഷ്ട്രീയ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് സംഘാടകരായ തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ വിശദീകരണം. സഹകരണ വാരാഘോഷത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും ചടങ്ങിൽ പങ്കെടുത്തവരെ സാമ്പത്തിക അരാജകത്വത്തിന്റെ വക്താക്കളെന്ന് വിശേഷിപ്പിച്ചെന്നും അവർ ആരോപിച്ചു. പുറത്തുനിന്നെത്തിയ ചിലർ ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്തിയെന്നും സംഘാടകർ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതോടെ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.
