
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. കൊലപാതകം നടന്ന് 18 വര്‍ഷത്തിനു ശേഷമാണ് വിധി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
2008 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ തന്റെ ബേക്കറിയില്‍ നില്ക്കുമ്പോള് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ സുഹൃത്തും സിപിഎം നേതാവുമായ വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. 2008 ഏപ്രില്‍ ഒന്നിനാണ് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ വച്ച് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണു പോലീസിന്റെ നിഗമനം.
അതേസമയം, കേസില്‍ സിപിഎം പ്രവര്‍ത്തകരായ 11 പ്രതികളും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. ഇന്നലെ വിധി പ്രസ്താവത്തിന് ശേഷം കോടതി വളപ്പില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി വളപ്പില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
