Home » Blog » Kerala » ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനായി കുൽഗാം വനമേഖലയിൽ വ്യാപക തെരച്ചിൽ; ഡ്രോൺ നിരീക്ഷണം ശക്തമാക്കി സുരക്ഷാസേന
crpf-1-1-680x450

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്കർ ഭീകരർക്കായി സുരക്ഷാസേനയുടെ വൻ തിരച്ചിൽ. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനായി വനമേഖല അരിച്ചുപെറുക്കുകയാണ് സൈന്യവും പൊലീസും. പരിക്കേറ്റ ഭട്ട് വനത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഭീകരന്റെ നീക്കങ്ങൾ കണ്ടെത്താൻ ഡ്രോണുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന തുടരുന്നത്.

 

ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് ഭീകരർ സമീപത്തുള്ള സ്കൂളിനുള്ളിൽ ഒളിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ സ്കൂളിലുണ്ടായിരുന്ന വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് സേന മുൻഗണന നൽകിയത്. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷമാണ് സേന തിരിച്ചടിച്ചത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഭീകരനായ ഉമറിനെ സുരക്ഷാസേന വധിച്ചിരുന്നു. ലത്തീഫ് ഭട്ട് വനമേഖലയിലേക്ക് ഓടിപ്പോകുന്നത് കണ്ട പ്രദേശവാസിയായ സ്ത്രീയിൽ നിന്നും പൊലീസ് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ കുൽഗാമിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

ആക്രമണത്തിന് മുന്നോടിയായി ഭീകരർ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. നവംബർ 10-ന് ലത്തീഫ് ഭട്ടും കൊല്ലപ്പെട്ട ഉമറും പ്രദേശത്ത് നിരീക്ഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലത്തീഫ് ഭട്ടിന് ആറ് മാസത്തോളം അഭയം നൽകിയത് ഉമറാണെന്നും, പിന്നീട് ഇയാൾ ഭീകരസംഘടനയായ ടി.ആർ.എഫിൽ ചേരുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഷ്കർ, ജെയ്‌ഷ് ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്ന പ്രാദേശിക ശൃംഖലയെ ലക്ഷ്യമിട്ട് എൻഐഎയും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഗൂഢാലോചനയും അന്വേഷണ പരിധിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *