
തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമയിൽനിന്ന് രണ്ട് കിലോ സ്വർണം കവർന്നെന്ന കേസിൽ നിർണായകമായ ചോദ്യങ്ങളുയരുന്നു. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവിൽ പൊലീസും ജ്വല്ലറി ഉടമയും പറയുന്നത് രണ്ട് വ്യത്യസ്ത കണക്കുകൾ! ഏകദേശം 250 പവൻ സ്വർണം കവർന്നെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 15 പവൻ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ കണക്ക് പ്രകാരം രണ്ട് കിലോ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ നന്ദകുമാർ തയ്യാറായില്ല. ചെറുകിട സ്വർണവ്യാപാരികൾ പഴയ സ്വർണം മിനുക്കി ശുദ്ധീകരിക്കുന്നതിനായി നൽകിയതും നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് വിവരം. അതിനാൽ സ്വർണത്തിന്റെ യഥാർഥ അളവ് സംബന്ധിച്ച വ്യത്യാസം അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ്.
സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. നന്ദകുമാർ സ്വർണവുമായി വീട്ടിലേക്ക് പോകുന്ന വിവരം അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണസംഘം കരുതുന്നത്. കട അകത്തുനിന്ന് പൂട്ടിയശേഷം പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി ഇലക്ട്രിക് സ്കൂട്ടറിൽ സഭാപതി റോഡിലൂടെ പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിയെടുത്തത്. നന്ദകുമാറും മകൻ വിനോദും സാധാരണ ഒരുമിച്ചാണ് കടയിൽനിന്ന് ഇറങ്ങാറുള്ളത്. എന്നാൽ വ്യാഴാഴ്ച രാത്രി വിനോദ് ഇറങ്ങാൻ വൈകിയെന്നും നന്ദകുമാർ പുറപ്പെട്ട് മൂന്ന് മിനിറ്റിനുള്ളിലാണ് കവർച്ച നടന്നതെന്നും മകൻ പൊലീസിനോട് പറഞ്ഞു. ഒരു ബൈക്കിൽ രണ്ടുപേർ എത്തിയെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ രണ്ട് ബൈക്കുകളിലായാണ് മൂന്നുപേർ എത്തിയതെന്നാണ് നന്ദകുമാറിന്റെ മൊഴി. കവർച്ചയ്ക്കുശേഷം പവർഹൗസ് റോഡ് വഴി തകരപ്പറമ്പ് ഭാഗത്തേക്ക് കടന്ന പ്രതികളെ കണ്ടെത്താൻ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ബാഗ് തട്ടിയെടുക്കുന്നതിന്റെ ദൃശ്യം ലഭിച്ചെങ്കിലും രാത്രിയായതിനാൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായിട്ടില്ല.
ജ്വല്ലറിയിൽ മുമ്പ് ജോലി ചെയ്തിരുന്നവരിൽനിന്ന് പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന ദിവസം രാത്രി 7.30 മുതൽ പ്രതികൾ ജ്വല്ലറിക്ക് സമീപത്തുണ്ടായിരുന്നതായും വിവരമുണ്ട്. കടയിലെത്തിയവരെക്കുറിച്ചും അന്വേഷണസംഘം പരിശോധന നടത്തുകയാണ്. നന്ദകുമാറിന്റെ നീക്കങ്ങൾ മുൻകൂട്ടി നിരീക്ഷിച്ചിരുന്നോ, കവർച്ചയ്ക്ക് പിന്നിൽ കടയുമായി ബന്ധമുള്ളവരുടെ സഹായമുണ്ടോ, യഥാർഥത്തിൽ എത്ര സ്വർണമാണ് നഷ്ടപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും വ്യക്തമായ ഉത്തരമായിട്ടില്ല. പ്രത്യേകിച്ച് 250 പവൻ എന്ന പൊലീസ് കണക്കും 15 പവൻ എന്ന ജ്വല്ലറി ഉടമയുടെ കണക്കും തമ്മിലുള്ള വലിയ അന്തരമാണ് കേസിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്.
