
കൊച്ചി: രാജ്യത്തെ ജുവനൈല്‍ നീതിന്യായ വ്യവസ്ഥയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ടോം ജോസഫിന്റെ നേതൃത്വത്തില്‍ ‘ഭദ്രപക്ഷം’ എന്ന പുതിയ ജനകീയ മുന്നേറ്റത്തിന് തുടക്കമിട്ടു. ക്രിമിനല്‍ ബാധ്യത നിര്‍ണ്ണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി നിലവിലുള്ളതില്‍ നിന്ന് 15 വയസ്സായി നിജപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ഈ കാമ്പയിനിലൂടെ അദ്ദേഹം പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
ഒക്ടോബര്‍ 25-ന് എറണാകുളം ചേരാനല്ലൂരില്‍ 17 വയസ്സുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മരണപ്പെട്ട തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നാണ് ടോം ജോസഫ് ഈ പ്രചാരണ പരിപാടിക്ക് രൂപം നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ നടത്തുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്നതിനെതിരെ സമൂഹം ചിന്തിക്കണമെന്ന ഭദ്രകീര്‍ത്തിയുടെ അഭ്യര്‍ത്ഥന മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഈ കാമ്പയിനുമായി രംഗത്തെത്തിയത്.
കാമ്പയിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം പൗരന്മാരില്‍ നിന്ന് ഒപ്പുകളും അഭിപ്രായങ്ങളും ശേഖരിക്കും. ഈ നിവേദനം കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിനും വനിതാ-ശിശു വികസന മന്ത്രാലയത്തിനും നേരിട്ട് സമര്‍പ്പിക്കുമെന്ന് ടോം ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘നമ്മുടെ രാജ്യത്ത് ജുവനൈല്‍ നിയമം പ്രാബല്യത്തില്‍ വന്ന കാലഘട്ടത്തിലെ കുട്ടികളല്ല ഇന്നുള്ളത്. അവരുടെ മാനസികനിലയിലും ചുറ്റുപാടുകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലോകത്തിലെ മറ്റു പല രാജ്യങ്ങളും ജുവനൈല്‍ നിയമത്തിന്റെ പ്രായപരിധി 15-ഉം 12-ഉം ഒക്കെയായി കുറച്ചപ്പോഴും ഇന്ത്യ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ നിയമത്തില്‍ അടിയന്തരമായി മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ ടോം ജോസഫ് പറഞ്ഞു.
‘അച്ഛന്‍ നഷ്ടമായതിന്റെ വേദന ഒരിക്കലും മാറുകയില്ല. എന്നാല്‍ ഇനിയൊരു മകനോ മകള്‍ക്കോ, അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കോ ഇതുപോലെ ഒരു ദുരന്തവും വേദനയും ഉണ്ടാകരുത്. അതുകൊണ്ടാണ് ഇത്തരമൊരു നിയമമാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞാന്‍ തയ്യാറായത്,’ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഭദ്രകീര്‍ത്തി വ്യക്തമാക്കി.
ഈ നിയമനിര്‍മ്മാണ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരോടും ഭദ്രകീര്‍ത്തിയും ടോം ജോസഫും അഭ്യര്‍ത്ഥിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ഭദ്രപക്ഷം ക്യാമ്പയിനെ കുറിച്ച് ഡോ. ടോം ജോസഫും ഭദ്രകീർത്തിയും വിശദീകരിക്കുന്നു.
