
പരിവാഹൻ പോർട്ടലിലെ സാങ്കേതിക തടസ്സങ്ങൾ കാരണം പഴയ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം വൈകുന്ന സാഹചര്യത്തിൽ, അപേക്ഷകർക്ക് ആശ്വാസകരമായ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. അപേക്ഷകളിൽ സ്വയമേവ അംഗീകാരം നൽകുന്ന ഓട്ടോ-അപ്രൂവൽ സംവിധാനത്തിലെ തകരാറും, ഇ-സൈൻ ചെയ്ത രേഖകൾ അപ്ലോഡ് ചെയ്യാൻ സാധിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനാൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരും കടുത്ത ദുരിതത്തിലായ പശ്ചാത്തലത്തിലാണ് ഓഫീസ് തലത്തിൽ പുതിയ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഓൺലൈൻ വഴി രേഖകൾ സമർപ്പിക്കാൻ സാധിക്കാത്തവർ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ നേരിട്ട് എത്തിച്ചു നൽകാനാണ് എം.വി.ഡി നിർദേശിച്ചിരിക്കുന്നത്. നേരിട്ട് എത്താൻ കഴിയാത്തവർക്ക് ഇ-മെയിൽ മാർഗ്ഗവും രേഖകൾ അയക്കാവുന്നതാണ്. അപേക്ഷകർ സമർപ്പിക്കുന്ന ഈ രേഖകൾ ഉദ്യോഗസ്ഥർ തന്നെ നേരിട്ട് സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്ത് പരിശോധന നടത്തുകയും, തടസ്സങ്ങൾ ഒഴിവാക്കി അപേക്ഷ പൂർത്തിയാക്കുകയും ചെയ്യും. സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെ ഈ താത്കാലിക സംവിധാനം തുടരാനാണ് അധികൃതരുടെ തീരുമാനം.
