Home » Blog » Kerala » കോളേജ് വിദ്യാർത്ഥികൾക്കായി സൗജന്യ ലാപ്ടോപ്പ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; 2,000 കോടി രൂപ വകയിരുത്തി
vijay-9-680x450

ചെന്നൈ: തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റ ലക്ഷ്യമിട്ട് 2,000 കോടി രൂപയുടെ ‘വെട്രി ലാപ്ടോപ്പ് പദ്ധതി’ നടപ്പാക്കാൻ വിജയ് സർക്കാർ നടപടി ആരംഭിച്ചു. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനസൗകര്യങ്ങളും സാങ്കേതിക നൈപുണ്യവും വർധിപ്പിക്കുകയാണ് തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നത്.

 

സർക്കാർ, സർക്കാർ എയ്ഡഡ് കോളേജുകളിലെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 2026-27 അധ്യയന വർഷത്തിൽ ഒന്നാം വർഷ, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഡിപ്ലോമ വിദ്യാർത്ഥികൾക്കുമാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പോളിടെക്നിക്, ഐ.ടി.ഐ, മെഡിക്കൽ, വെറ്ററിനറി, ഫിഷറീസ്, കാർഷികം, നിയമം തുടങ്ങിയ മേഖലകളിലെല്ലാം പഠിക്കുന്നവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2025-26 വർഷത്തിൽ ലാപ്ടോപ്പ് ലഭിക്കാതിരുന്ന മൂന്നാം വർഷ, നാലാം വർഷ പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും പുതിയ പദ്ധതിയിലൂടെ ആനുകൂല്യം ഉറപ്പാക്കിയിട്ടുണ്ട്.

 

പ്രത്യേക പരിഗണന നൽകിക്കൊണ്ട് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് Intel Core i5 പ്രോസസറോ അതിന് തുല്യമായ ഉയർന്ന സാങ്കേതിക നിലവാരമുള്ള ലാപ്ടോപ്പുകളോ ആണ് നൽകുന്നത്. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിക്കും. ഗുണനിലവാരം ഉറപ്പാക്കി ലാപ്ടോപ്പുകൾ വാങ്ങുന്നതിനുള്ള ചുമതല തമിഴ്‌നാട് ഇലക്ട്രോണിക്സ് കോർപ്പറേഷനായ ELCOT-നാണ് നൽകിയിരിക്കുന്നത്. ലാപ്ടോപ്പ് വിതരണ തീയതിയും ഗുണഭോക്തൃ പട്ടികയും ഉടൻ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *