
മലപ്പുറം: സംസ്ഥാനത്ത് ആശങ്ക പടർത്തി വീണ്ടും ഷിഗെല്ല ബാധ. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്ക്ക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മലപ്പുറം അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് 23-ഓളം പേർക്ക് വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. കൂടുതൽ പേരുടെ പരിശോധനാഫലം വരാനുണ്ട്. രോഗബാധിതരുടെ വീടുകളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷനും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു.
കോഴിക്കോട് വടകര മേപ്പയിൽ സീനിയർ ബേസിക് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ ഇതേ സ്കൂളിലെ മറ്റൊരു കുട്ടിക്കും രോഗം ബാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം മുട്ടക്കറിയും തൈരും കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും പനിയും വയറിളക്കവും അനുഭവപ്പെട്ടത്. സ്കൂളുകളിലും ഭക്ഷണശാലകളിലും ശുചിത്വം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
