Home » Blog » Kerala » തിരഞ്ഞെടുപ്പിൽ തോറ്റത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾകൊണ്ട്; പിണറായി വിജയനെതിരെ സി.ഐ.ടി.യുവിന്റെ കടുത്ത വിമർശനം
pinarayi-vijayan-2-680x450

കോട്ടയം: എൽ.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിജയൻ സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന കടുത്ത വിമർശനവുമായി സി.ഐ.ടി.യു. സർക്കാർ നിലപാടുകൾ കാരണം പരമ്പരാഗത തൊഴിലാളികൾ പാർട്ടിയിൽ നിന്ന് അകന്നതായി സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ ആരോപണമുയർന്നു. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് പിണറായി വിജയനെതിരെ രൂക്ഷമായ പരാമർശങ്ങളുള്ളത്.

 

തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യങ്ങൾ പോലും നൽകാൻ പിണറായി സർക്കാർ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ജനസംഖ്യയിൽ വലിയൊരു പങ്കുവരുന്ന തൊഴിലാളികളെ പിണറായി സർക്കാർ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ എൽ.ഡി.എഫ് സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പരമ്പരാഗത തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ പര്യാപ്തമല്ലെന്നും സി.ഐ.ടി.യു വിലയിരുത്തി.

 

ക്ഷേമ പെൻഷനുകൾ നൽകുന്നതിൽ പിണറായി സർക്കാർ ശ്രദ്ധ കാണിച്ചപ്പോൾ, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശ്ശികയാക്കി വലിയ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടത് മുന്നണിയുടെ വോട്ട് ബാങ്കിൻ്റെ പ്രധാന അടിത്തറയായ അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെ പ്രതിസന്ധികൾ സർക്കാർ കണ്ടില്ലെന്ന് നടിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനത്തിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം നിർവ്വഹിച്ചു.

 

അതേസമയം, സംസ്ഥാനത്തെ തൊഴിലാളിവർഗ്ഗം സമരങ്ങളിലൂടെയും മുൻ ഇടതുപക്ഷ സർക്കാരുകളുടെ ഭരണനടപടികളിലൂടെയും ഉറപ്പാക്കിയ ജീവിത സുരക്ഷയുടെ അടിത്തറ യു.ഡി.എഫ് സർക്കാർ തകർക്കുകയാണെന്നും കൗൺസിൽ ആരോപിച്ചു. പ്രതിസന്ധികൾക്കും വർഗീയതയ്ക്കുമെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനും പ്രതിനിധി സമ്മേളനം തീരുമാനമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *