
സൂര്യയുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ താൻ ബോധപൂർവം ഒഴിവാക്കിയതല്ലെന്ന് നടി നസ്രിയ. ഡേറ്റ് സംബന്ധമായ തിരക്കുകൾ കൊണ്ടോ മറ്റ് ആശയക്കുഴപ്പങ്ങൾ കൊണ്ടോ ആണ് മുൻപ് ആ അവസരങ്ങൾ നഷ്ടപ്പെട്ടതെന്ന് താരം വ്യക്തമാക്കി. തന്റെ ചിത്രങ്ങളിൽ അഭിനയിക്കാൻ നാലാമത്തെ ശ്രമത്തിലാണ് നസ്രിയ സമ്മതിച്ചതെന്ന് ഒരു പ്രൊമോഷൻ പരിപാടിയിൽ സൂര്യ തമാശയായി പറഞ്ഞതിന് മറുപടിയായാണ് നസ്രിയ കാര്യം വ്യക്തമാക്കിയത്.
സൂര്യ സാറിനെ താൻ ഒരിക്കലും റിജക്റ്റ് ചെയ്തിട്ടില്ലെന്ന് നസ്രിയ പറഞ്ഞു. ജിത്തു മാധവന്റെ മനസിലേക്ക് ‘സീൻ’ എന്ന ചിത്രത്തിലെ നായികയായി താനെങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും, അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. എല്ലാവരും ഒരുമിച്ചുള്ള ഷൂട്ടിംഗ് ഒരു പണിയെടുത്തുകൊണ്ടുള്ള ഹോളിഡേ പോലെയായിരുന്നുവെന്നും സെറ്റിൽ വലിയ സന്തോഷമായിരുന്നെന്നും നസ്രിയ ഓർത്തെടുത്തു.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സീൻ’. സൂര്യ നായകനാകുന്ന ചിത്രത്തിൽ നസ്ലനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹനിർമാതാവ് ജയശ്രീ ദാമോദരൻ.
സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. നവംബർ ആറിന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള വിതരണക്കാർ.
