
തന്റെ വീടിനുള്ളിൽ കയറി കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ആ ഭീതിജനകമായ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ രാത്രിയായിരുന്നു അതെന്ന് സെയ്ഫ് ഓർത്തെടുത്തു. കരൺ ജോഹർ അവതാരകനായ ‘കോഫീ വിത്ത് കരൺ’ എന്ന ചാറ്റ് ഷോയിൽ അതിഥികളായി എത്തിയപ്പോഴായിരുന്നു ഇരുവരുടെയും തുറന്നുപറച്ചിൽ.
ആ ദാരുണമായ സംഭവം തങ്ങളിലുണ്ടാക്കിയ മാനസികാഘാതം ചെറുതല്ലെന്ന് കരീന വെളിപ്പെടുത്തി. “സംഭവത്തിന് ശേഷം ആറുമാസത്തോളം എനിക്ക് ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. ഞാൻ റോഡിലിറങ്ങി ‘രുക്കോ.. രുക്കോ..’ എന്ന് ഭ്രാന്ത് പിടിച്ചതുപോലെ അലറിക്കരയുകയായിരുന്നു,” കരീന പറഞ്ഞു. ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിട്ടും കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് മനസ്സാന്നിധ്യം കൈവിടാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചതായി സെയ്ഫ് വ്യക്തമാക്കി.
2025 ജനുവരി 16-നായിരുന്നു ബാന്ദ്രയിലെ സെയ്ഫിന്റെയും കരീനയുടെയും അപ്പാർട്ട്‌മെന്റിൽ ഷരീഫുൾ ഇസ്ലാം എന്നയാൾ അതിക്രമിച്ചുകയറിയത്. “ചെറിയ മകൻ ജേയുടെ മുറിയിൽ ഇരുട്ടത്ത് അവന്റെ കട്ടിലിനരികിൽ കത്തിയും പിടിച്ച് നിൽക്കുന്ന അക്രമിയെയാണ് ഞാൻ ആദ്യം കണ്ടത്. അത് കണ്ടതും ഞാൻ അയാളുടെ മുകളിലേക്ക് ചാടിവീഴുകയായിരുന്നു. രണ്ട് കത്തികളുമായി ഭ്രാന്തമായ അവസ്ഥയിലായിരുന്ന അയാൾ എന്റെ ദേഹമാസകലം വെട്ടിപ്പരിക്കൽപ്പിച്ചു,” സെയ്ഫ് അന്ന് നടന്ന ഭീകരത വിവരിച്ചു.
നട്ടെല്ലിന് സമീപം വരെ കത്തി തറച്ച് ഗുരുതരാവസ്ഥയിലായ സെയ്ഫിനെ ഒരു ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആറ് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അദ്ദേഹം അപകടനില തരണം ചെയ്തത്. സംഭവത്തിനുശേഷം താനെയിൽ നിന്ന് പിടിയിലായ പ്രതിയിൽ നിന്ന് കണ്ടെടുത്ത ആയുധം സെയ്ഫിന്റെ ശരീരത്തിൽ തറച്ച കത്തിയുടെ ഭാഗങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
