Home » Blog » Kerala » രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തിരഞ്ഞെടുപ്പ് വിലക്ക്;നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി
supreme-court-2-680x450

ഇന്ത്യയിൽ ജനനനിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതായി സുപ്രീം കോടതി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റങ്ങളുണ്ടായെന്നും അമിത ജനസംഖ്യയെ ഭയന്നുകൊണ്ടുള്ള ഇത്തരം നിയന്ത്രണങ്ങളുടെ അടിസ്ഥാനം തകർന്നുവെന്നും കോടതി നിരീക്ഷിച്ചു.

 

മഹാരാഷ്ട്രയിലെ കക്കോഡ പഞ്ചായത്ത് മുൻ സർപഞ്ച് മംഗല ഭിംറാവുവിനെ മൂന്നാമതൊരു കുട്ടി ജനിച്ചതിന്റെ പേരിൽ അയോഗ്യയാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം. 2003-ൽ ഹരിയാനയുമായി ബന്ധപ്പെട്ട കേസിൽ സമാനമായ വിലക്ക് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ശരിവെച്ചിരുന്നു. എന്നാൽ അന്നത്തെ പ്രത്യുൽപാദന നിരക്ക് 3 ആയിരുന്നത് നിലവിൽ 1.9 ആയി കുറഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

ആഗ്രഹിക്കുന്ന ജനസംഖ്യാ സ്ഥിരതയ്ക്ക് ആവശ്യമായ നിരക്ക് 2.1 ആണെന്നിരിക്കെ, നിലവിലെ ഇടിവ് ഭാവിയിൽ യുവാക്കളുടെ അനുപാതം കുറയ്ക്കാനും വയോജനങ്ങളുടെ എണ്ണം കൂട്ടാനും വഴിവെക്കും. ഇത്തരം നിയമങ്ങൾ ജനപ്രതിനിധികളാകുന്നതിൽ നിന്ന് ഒരു വിഭാഗം പൗരന്മാരെ തടയുന്നതായും ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. വിഷയം പുനഃപരിശോധിക്കുന്നതിനായി കൂടുതൽ അംഗങ്ങളുള്ള വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *