Home » Blog » Kerala » ​അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റം; സേവനകാലാവധി നീട്ടി, സ്ഥിരപ്പെടുത്തലിനും വഴിയൊരുങ്ങുമെന്ന് സൂചന
agniveer-680x450

ഡൽഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സേവനമനുഷ്ഠിക്കുന്ന അഗ്നിവീറുകളുടെ സേവനകാലാവധി നാലിൽ നിന്ന് ആറ് വർഷമായി ഉയർത്തി കേന്ദ്ര സർക്കാർ. ‘സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി’ എന്ന് വിളിക്കപ്പെടുന്ന ഭേദഗതി നിർദേശത്തിന് കേന്ദ്രം അംഗീകാരം നൽകി. ഇതനുസരിച്ച് ആറ് വർഷത്തെ സേവനത്തിന് ശേഷം യോഗ്യതയുള്ള അഗ്നിവീറുകളെ സേനയിൽ സ്ഥിരപ്പെടുത്താൻ വ്യവസ്ഥയുണ്ടാകും. സംയുക്ത സേനാ മേധാവി ജനറൽ എൻ.എസ്. രാജാ സുബ്രമണിയാണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്.

 

നിലവിലെ വ്യവസ്ഥപ്രകാരം നാല് വർഷത്തെ സേവനത്തിന് ശേഷം ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മാത്രമാണ് സായുധ സേനയിലെ സ്ഥിരം കേഡറിലേക്ക് ഉൾപ്പെടുത്തുന്നത്. ബാക്കി വരുന്ന 75 ശതമാനം പേർക്ക് പുറത്തുപോകേണ്ടി വന്നിരുന്നു. ഈ 75 ശതമാനത്തിൽപ്പെട്ടവർക്കാണ് ‘സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി’ എന്ന പേരിൽ സേവനകാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകുക. 2022-ൽ റിക്രൂട്ട് ചെയ്ത ആദ്യ ബാച്ച് അഗ്നിവീറുകളുടെ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

 

നാവികസേനയിലെ ആദ്യ ബാച്ചിന്റെ സേവനം നവംബർ 21-നും, വ്യോമസേനയുടേത് ഡിസംബർ 21-നും, കരസേനയുടേത് ഡിസംബർ 31-നും അവസാനിക്കാനിരിക്കെയാണ് ഈ ആശ്വാസ തീരുമാനം. വിരമിക്കേണ്ടിവരുന്ന അഗ്നിവീറുകളിൽ സാങ്കേതിക പ്രാഗത്ഭ്യമുള്ള ഒരു വലിയ വിഭാഗത്തെ പ്രത്യേകിച്ച് നാവികസേനയിൽ നിലനിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ ബാച്ചിലെ 24,400 അഗ്നിവീറുകളിൽ നിന്ന് വ്യോമസേന 712 പേരെയും നാവികസേന 550 പേരെയും ഇതിനകം സ്ഥിരം കേഡറിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *