
സസ്പെൻഷൻ നടപടി കാരണം ഒരു വർഷത്തെ പഠനം തന്നെ നഷ്ടമാകുമെന്ന ആശങ്കയിൽ കാലടി സർവകലാശാലയിലെ വിദ്യാർഥികൾ. സെമസ്റ്റർ പരീക്ഷയ്ക്ക് അനുമതി തേടി 16 വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചതോടെ വിഷയം വീണ്ടും നിയമപോരാട്ടത്തിലേക്ക്. പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെടുമോ എന്നാണ് ഇനി അറിയേണ്ടത്.
നവംബർ 3-ന് രാത്രി 11.35-ഓടെയാണ് 16 വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ അടിയന്തര ഇടപെടൽ വേണമെന്ന് വിദ്യാർഥികളുടെ അഭിഭാഷകർ ഇന്ന് കോടതിയിൽ ആവശ്യപ്പെടും. ഹർജി നൽകിയവരിൽ പത്തുപേരുടെ സെമസ്റ്റർ പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കുകയാണ്. അടിയന്തര അനുമതി ലഭിച്ചില്ലെങ്കിൽ തങ്ങളുടെ ഒരു അധ്യയനവർഷം നഷ്ടമാകുമെന്നാണ് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ വിദ്യാർഥികൾക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ സർവകലാശാല നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ആവശ്യമായ ഹാജർനില ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ചില വിദ്യാർഥികൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലൂടെ വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്. സസ്പെൻഷനിലായിരുന്നതിനാലാണ് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നതും ഹാജർനില കുറഞ്ഞതുമെന്നാണ് വിദ്യാർഥികളുടെ വാദം. പരീക്ഷ എഴുതാനുള്ള അനുമതിക്കായി വിദ്യാർഥികൾ അവസാന നിമിഷം സുപ്രീംകോടതിയെ സമീപിച്ചിരിക്കെ, കോടതിയുടെ അടിയന്തര തീരുമാനം അവരുടെ തുടർപഠനത്തിൽ നിർണായകമാകും.
