
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ച് രാജ്യതലസ്ഥാനത്ത് കൂറ്റൻ ശക്തിപ്രകടനമായി മാറി. രാജാജി മാർഗ് മുതൽ രാംലീല മൈതാനം വരെ അണമുറിയാതെ ഒഴുകിയെത്തിയ പ്രവർത്തകരെ സാക്ഷിയാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ചു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ജയിലിൽ പോകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 2024-ന് ശേഷം 13 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയ നടപടി ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2024-ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്ന് തുറന്നടിച്ചു. ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ആർ.എസ്.എസ് കൈയടക്കിയിരിക്കുകയാണെന്നും രാഹുൽ വിമർശിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എവിടെയും പോകേണ്ടതില്ല, നിങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും,” എന്നും ആവേശഭരിതമായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇന്ത്യാ സഖ്യത്തിന്റെ പ്രധാന നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തു.
