
അമരാവതി: ആന്ധ്രപ്രദേശിലെ അനന്ത്പുർ ജില്ലയിലുള്ള രപ്ടഡു സർക്കാർ ഹൈസ്‌കൂളിൽ പഠനസമയത്ത് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ കയറി പവർ ചെയിൻ സോ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഹേമന്ത് (21) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് ധർമവരം റെയിൽവേ സ്‌റ്റേഷനിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തലയ്ക്കും കഴുത്തിനും പുറത്തുമായി ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർത്ഥിനിക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. പ്രതിയായ ഹേമന്ത് പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിനുള്ള കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
