
കോഴിക്കോട്: രാമനാട്ടുകര തോട്ടുങ്ങൽ പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കാത്ത സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ ജീർണ്ണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പരിസരത്തെ വീട്ടിലെത്തിയ യാത്രക്കാർക്ക് അനുഭവപ്പെട്ട രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കാണപ്പെട്ടത്. ഉടൻ തന്നെ ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫറോക്ക് പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ പ്രദേശത്തുനിന്നും കാണാതായവരെ കേന്ദ്രീകരിച്ചും, സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
