Home » Blog » kerala Max » 50 ലക്ഷം രൂപ നഷ്ടപരിഹാരം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്
16

പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു വക്കീൽ നോട്ടീസ് അയച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിവാദ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന പരാമർശം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു. ഈ പോസ്റ്റിലെ പരാമർശങ്ങൾ അപകീർത്തികരമാണെന്നാണ് ഉദയഭാനുവിന്റെ ആരോപണം. പോസ്റ്റ് നീക്കം ചെയ്യണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവച്ചതിന് രേഖാമൂലം മാപ്പ് പറയണമെന്നുമാണ് വക്കീൽ നോട്ടീസിലെ ആവശ്യം.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്താനും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്നയാളാണെന്ന് ചിത്രീകരിക്കാനും ശ്രമിച്ചെന്ന ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് വന്നതെന്നാണ് റിപ്പോർട്ട്. സിപിഐ വിട്ട് കോൺഗ്രസിലെത്തിയ നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ.

Leave a Reply

Your email address will not be published. Required fields are marked *