
കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിലെ അന്യസംസ്ഥാന തൊഴിലാളി ക്വാർട്ടേഴ്സിൽ ദമ്പതികളായി താമസിച്ചു കഞ്ചാവ് വിൽപ്പന നടത്തിയ അസം സ്വദേശിയും പശ്ചിമ ബംഗാൾ യുവതിയും എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഇവരിൽ നിന്ന് 4 കിലോ കഞ്ചാവും 1,19,600 രൂപയും പിടിച്ചെടുത്തു. അസമിലെ ധുബ്രി സ്വദേശി ദൂലാൽ ഉദ്ദിൻ (21), പശ്ചിമ ബംഗാളിലെ ബസന്ത്പൂർ സ്വദേശിനി മഹ്മൂദ ഖാത്തൂൻ (22) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. മുറിയിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും കഞ്ചാവ് വിറ്റ് ലഭിച്ചതെന്ന് കരുതുന്ന പണവുമാണ് പിടിച്ചെടുത്തത്.
പ്രധാന റോഡിൽ നിന്ന് മാറി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് ഇവർ ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്നത്. സംശയം ഒഴിവാക്കാൻ ദമ്പതികളായി അഭിനയിച്ചത് ബോധപൂർവമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസം മുൻപാണ് ഇവർ ഈ മുറി വാടകയ്ക്ക് എടുത്തത്. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു കിലോ കഞ്ചാവ് ഏകദേശം 20,000 രൂപയ്ക്ക് വാങ്ങി ഒരു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. പിടിച്ചെടുത്ത കഞ്ചാവ് വലിയ ലഹരിമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നും എക്സൈസ് കരുതുന്നുണ്ട്. വലിയ അളവിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരിക്കാമെന്ന് വിവരം ലഭിച്ചതായി കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ അറിയിച്ചു.കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചത്, ഇവർ ഈ മുറിയിലേക്ക് മാറുന്നതിന് മുൻപ് എവിടെയാണ് താമസിച്ചിരുന്നത്, മറ്റ് ആളുകൾ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
