Home » Blog » kerala Max » “ക്ഷണക്കത്ത് ലഭിക്കാത്തതിൽ പരാതിയില്ല, എല്ലാം ജനങ്ങൾക്കറിയാം”; പാലം ഉദ്ഘാടനത്തിൽ പ്രതികരിച്ച് ജി. സുധാകരൻ
15

കൊച്ചി: മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പരസ്യമായി പരിഭവം അറിയിച്ച് മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സംഘാടകർക്ക് താൽപര്യമുള്ളവരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും പാലത്തിന്റെ നിർമാണത്തിന് തുടക്കമിട്ടതിൽ തന്റെ പങ്ക് വിസ്മരിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലം എംഎൽഎയും സംഘാടകർ തിരഞ്ഞെടുത്തവരും പങ്കെടുത്ത് ഉദ്ഘാടനം ഗംഭീരമായി നടത്തിയെന്നാണ് സുധാകരന്റെ പരിഹാസം.

പാലത്തോടുള്ള ജനങ്ങളുടെ ഇഷ്ടം ഉദ്ഘാടനച്ചടങ്ങിലെ ആൾക്കൂട്ടത്തിൽനിന്ന് തന്നെ മനസ്സിലാക്കാനാകുമെന്നും അദ്ദേഹം കുറിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വൈക്കത്തും ആലപ്പുഴ ഭാഗത്തും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പാലത്തിനായി ഏകദേശം 80 കോടി രൂപ അനുവദിച്ചതെന്നും വൈക്കം ഭാഗത്ത് തറക്കല്ലിട്ടതെന്നും സുധാകരൻ ഓർമിപ്പിച്ചു. പാലം പൂർത്തിയാകുമ്പോൾ ആലപ്പുഴ ഭാഗത്ത് ഉദ്ഘാടനം നടത്താനായിരുന്നു അന്നത്തെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ആലപ്പുഴ ഭാഗത്തെ ഒന്നോ രണ്ടോ വീട്ടുകാർ അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറാകാതിരുന്നതാണ് നിർമാണം വൈകാൻ കാരണമായതെന്ന് സുധാകരൻ ആരോപിച്ചു. ബലമായി സ്ഥലം ഏറ്റെടുക്കേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനത്തിന് ക്ഷണക്കത്ത് ലഭിക്കാത്തതിൽ പരാതിയില്ലെന്ന് പറഞ്ഞ സുധാകരൻ, പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വേദിയിൽ അവകാശവാദങ്ങൾ ഉയർന്നതായി പത്രങ്ങളിൽ കണ്ടെന്നും കുറിച്ചു.

നിർമാണത്തിന് തുടക്കമിട്ടതിൽ നിർണായക പങ്കുവഹിച്ച അന്നത്തെ എംഎൽഎ, എ.എം. ആരിഫിന് മാത്രമാണ് പാലവുമായി നേരിട്ട് ബന്ധമുള്ളതെന്നും യഥാർഥ വസ്തുതകൾ വിശദീകരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചോയെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു. പാലത്തിന്റെ നിർമാണത്തിന് തുടക്കമിട്ട കാര്യം മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പരാമർശിക്കേണ്ടതായിരുന്നുവെന്നും അത് അവർക്ക് അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ ഷാനിമോൾ ഉസ്മാന് ഇക്കാര്യം നന്നായി അറിയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ക്ഷണക്കത്ത് ലഭിക്കാത്തതിൽ പരാതിയില്ലെങ്കിലും കാര്യങ്ങളെല്ലാം ജനങ്ങൾക്ക് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2016–2021 കാലയളവിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നൂറുകോടി രൂപയുടെ പെരുമ്പളം പാലം, 80 കോടി രൂപയുടെ മാക്കേക്കടവ്–നേരേകടവ് പാലം, ചേർത്തലയിലെ നെടുമ്പ്രക്കാട്ട് പാലം എന്നിവയുൾപ്പെടെ 500ഓളം പാലങ്ങളുടെ നിർമാണത്തിന് തുടക്കമിട്ടതായും സുധാകരൻ അവകാശപ്പെട്ടു. ഇനിയും പൂർത്തിയാകാനുള്ള പാലങ്ങൾ ബാക്കിയുണ്ടെന്നും പദ്ധതി യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *