
ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സൂര്യകുമാര് യാദവ് ദുബായില് ആഡംബര വസതി സ്വന്തമാക്കി. ഭാര്യ ദേവിഷ ഷെട്ടിക്കൊപ്പമുള്ള വീഡിയോ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ദുബായിലെ മികച്ച ജീവിതനിലവാരവും സുരക്ഷിതത്വവുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് സൂര്യകുമാർ വ്യക്തമാക്കി.
“ഐപിഎല് കളിക്കാനായി 2014-ലാണ് ഞാന് ആദ്യമായി ദുബായില് വരുന്നത്. പിന്നീട് 2020-ലും ഞങ്ങള് വന്നു. ഇപ്പോള് ഇന്ത്യ മുഴുവന് ദുബായിലേക്ക് എത്തുന്നത് നിങ്ങള്ക്ക് കാണാം. ഇവിടുത്തെ ആഡംബരവും ജീവിതനിലവാരവും വേറിട്ടുനില്ക്കുന്ന ഒന്നാണ്. ഞാന് ജീവിക്കുന്ന മുംബൈ ഉള്പ്പെടെ ഇന്ത്യയിലും സുരക്ഷിതത്വമുണ്ട്. എന്നാല് ദുബായിലെ സുരക്ഷിതത്വവും വളരെ മികച്ചതാണ്. ഇവിടെ എത്തുമ്പോള് വളരെ റിലാക്സ്ഡ് ആയും സന്തോഷവാനായും എനിക്ക് തോന്നാറുണ്ട്.” സൂര്യകുമാര് യാദവ് പറഞ്ഞു.
‘ഷാരൂഖ്സ് റെസിഡന്സസ്’ എന്നാണ് ഈ പ്രോപ്പർട്ടിയുടെ പേര്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ ഒരു കെട്ടിടം ഉയരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾത്തന്നെ തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു. ഇന്റീരിയര് വര്ക്കുകളുടെ നിലവാരം, വീടിന്റെ ഈടുനില്പ്പ്, ആധുനിക വെല്നെസ് സെന്റർ തുടങ്ങിയ സവിശേഷതകളും ഈ വസതിയെ വ്യത്യസ്തമാക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ മുംബൈയിലെ ചെമ്പൂർ മേഖലയിൽ 7.18 കോടി രൂപ മുടക്കി സൂര്യകുമാറിന്റെ ഭാര്യ ദേവിഷ പുതിയൊരു അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. ‘ഗോദ്റെജ് സ്കൈ ടെറസസ്’ എന്ന ആഡംബര സമുച്ചയത്തിൽ 1,516 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പ്രോപ്പർട്ടി ദമ്പതികൾ ഈ കെട്ടിടത്തിൽ വാങ്ങുന്ന മൂന്നാമത്തെ അപ്പാർട്ട്മെന്റാണ്.
