
കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ്-ബിജെപിയുടെ ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്.ഐ.ആർ ഇടാമെന്ന തരത്തിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചതെന്നും, സർക്കാർ എഫ്.ഐ.ആർ ഇട്ടാൽ മാത്രമേ ഇ.ഡിക്ക് സ്വന്തം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നതിനാലാണ് കാര്യങ്ങൾ ആ രീതിയിൽ നീക്കിയതെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. എക്സാലോജിക് കേസിൽ തുമ്പില്ലെന്ന് വ്യക്തമായതോടെയാണ് പുതിയതായി ഹവാല കേസ് കൊണ്ടുവന്നതെന്നും, നിയമപരമായി നിലനിൽക്കില്ലെന്ന് അറിഞ്ഞുകൊണ്ട് പാർട്ടിയെയും നേതാക്കളെയും വേട്ടയാടാൻ യുഡിഎഫും ബിജെപിയും കൈകോർത്തിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിവേഗ നടപടികളുമായി മുന്നോട്ട് പോവുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇ.ഡി ഔദ്യോഗികമായി സമൻസ് അയച്ചു. വരുന്ന 23-ാം തീയതി ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് കേന്ദ്ര ഏജൻസിയുടെ നിർദ്ദേശം. വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇ.ഡി ഇതുസംബന്ധിച്ച ഇസിഐആർ രജിസ്റ്റർ ചെയ്തത്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇസിഐആറുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ കേസിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും ടി. വീണയും പ്രതിപ്പട്ടികയിലുണ്ട്.
