Home » Blog » Kerala » പ്രതിസന്ധി രൂക്ഷം; സർവീസുകൾ നിർത്തിവെച്ച് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
images (5)

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കൊച്ചിയിൽ ചേർന്ന സംയുക്ത സമരസമിതി യോഗത്തിലാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ്സുകൾ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് വ്യവസായം തകർന്നടിഞ്ഞെന്ന് സമരസമിതി ആരോപിക്കുന്നു.

 

കോപ്പറേറ്റീവ് സൊസൈറ്റികളും എം.എൽ.എ. ഫണ്ടിൽ നിന്നുൾപ്പെടെ പുതിയ സൗജന്യ ബസ്സുകൾ ഇറങ്ങുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. പ്രിയദർശിനി ബസ്സുകൾ മൂലം സ്വകാര്യബസ്സുകൾക്കുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ്സുകളിലും നടപ്പിലാക്കി തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക. 15 വർഷമായി തുടരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർധിപ്പിക്കുക. നാലര വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച പൊതു ബസ് യാത്രാ നിരക്ക് വർധിപ്പിക്കുക. ഡീസൽ വിലയിൽ സർക്കാരിനു ലഭിക്കുന്ന നികുതി സ്വകാര്യ ബസ്സുകൾക്ക് ഒഴിവാക്കി നൽകുക.

 

ടൈമിങ് കോൺഫറൻസുകൾ ഓൺലൈനിൽ നടത്തുവാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കുക. ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക. ഗ്രാമവണ്ടികൾ സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമായി നിജപ്പെടുത്തുക. പത്മകുമാർ കമ്മിഷൻ ശുപാർശകളായ ബസ്സുകളുടെ പ്രായപരിധി വർദ്ധിപ്പിക്കുക, ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുക, സ്വകാര്യ ബസ് വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സമരസമിതി ഉന്നയിച്ചിട്ടുള്ളത്. ഈ ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ നവംബർ മൂന്നാം തീയതി മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ സർവീസ് പൂർണ്ണമായി നിർത്തിവെക്കുമെന്ന് സംയുക്ത സമിതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *