
ദുബായ്/ യുഎഇ: മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷൻ തുറക്കാൻ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. അത്യാധുനിക സൗകര്യങ്ങളോടെ ദുബായ് ഗോൾഡ് സിറ്റിയിൽ നിർമാണം പൂർത്തീകരിച്ച ‘ജുവൽ ഓഫ് ജോയ്’ ജ്വല്ലറി ഡെസ്റ്റിനേഷന്റെ ഉദ്ഘാടനം 18ന് യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി നിർവഹിക്കും. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജ്വല്ലറി വിഭാഗം സിഇഒ ജോൺ പോൾ ആലുക്കാസ് എന്നിവർക്ക് പുറമെ മേഖലയിലെ വ്യവസായ പ്രമുഖരും വിശിഷ്ടാഥിതികളും ചടങ്ങിൽ പങ്കെടുക്കും.
ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവം സാധ്യമാകുന്ന തരത്തിൽ, 25000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്. പരമ്പരാഗത സ്വർണാഭരണങ്ങൾ, വിവാഹാവശ്യങ്ങൾക്കുള്ള ആഭരണ സെറ്റുകൾ, വജ്രാഭരണങ്ങൾ, അപൂർവ രത്നങ്ങൾ എന്നിങ്ങനെ ഏകദേശം 300 ദശലക്ഷം ദിർഹം (ഏകദേശം 750 കോടി രൂപ) മൂല്യമുള്ള ആഭരണശേഖരമാണ് ഷോറൂമിലുള്ളത്. ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം വ്യത്യസ്തമായ അനുഭവങ്ങളും ലഭിക്കുന്ന രീതിയിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഭീമാകാര വളയുടെ മാതൃകയിൽ ഒരുക്കിയ ‘റോയൽ ബാംഗിൾ വോക്ക്’ ആണ് ഷോറൂമിന്റെ ആകർഷണങ്ങളിലൊന്ന്. ഉപഭോക്താക്കൾക്ക് ഇതിലൂടെ പ്രവേശിച്ച് ആഭരണങ്ങൾ പരിചയപ്പെടാനും വാങ്ങാനുമുള്ള സൗകര്യമുണ്ട്.
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ആഭരണങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള ഡിസൈനർ സ്റ്റുഡിയോ, സ്വകാര്യതയോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള വിഐപി ലോഞ്ച്, കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലം, ആഭരണങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമുള്ള വിഭാഗം എന്നിവയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. നാൽപതു വർഷത്തോടടുക്കുന്ന യുഎഇയിലെ ബിസിനസ് പ്രവർത്തനങ്ങളിലെ പ്രധാന നാഴികക്കല്ലായാണ് പുതിയ ഷോറൂമിനെ അവതരിപ്പിക്കുന്നതെന്നും രാജ്യത്തെ സ്വർണവ്യാപാര മേഖലയ്ക്കുള്ള ആദരവാണ് ഷോറൂമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.
ആഭരണ വില്പനയ്ക്കുള്ള ഷോറൂം എന്നതിലുപരി, ജോയ്ആലുക്കാസ് ഗ്രൂപ്പിനെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്ത ദുബായ് നഗരത്തോടുള്ള ആദരവ് കൂടിയാണ് പുതിയ ഷോറൂമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാൽപതു വർഷത്തിനിടയിൽ അതിശയകരമാം വിധം വളർച്ച കൈവരിച്ച നഗരത്തിൽ പുതിയ ഷോറൂം തുറക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പാരമ്പരാഗതതനിമയും ആധുനിക മികവും സമന്വയിച്ച ആഭരണ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകുന്നതിന്റെ ഭാഗമായാണ് ‘റോയൽ ബാംഗിൾ വോക്ക്’ സജ്ജീകരിച്ചതെന്നും ആഗോള ജ്വല്ലറി ഷോപ്പിംഗ് അനുഭവത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ 13 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ജോയ്ആലുക്കാസിന് ഇരുനൂറിലധികം ഷോറൂമുകളും പതിനായിരത്തിലധികം ജീവനക്കാരുമാണുള്ളത്. ആഭരണ വ്യവസായത്തിനു പുറമേ ലൈഫ്സ്റ്റൈൽ, ടെക്സ്റ്റൈൽസ്, മണി എക്സ്ചേഞ്ച്, ഷോപ്പിംഗ് മാൾ എന്നീ മേഖലകളിലും ജോയ്ആലുക്കാസ് ഗ്രൂപ്പ് മുൻനിരയിലുണ്ട്.
