
ഇടുക്കി: ജര്മനിയില് മലയാളികള് മരണപ്പെട്ട സംഭവത്തില് തീവെപ്പിന് കാരണം അപ്പാര്ട്ട്മെന്റ് ഉടമകള് തമ്മിലുള്ള തര്ക്കമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച നടന്ന സംഭവം മരിച്ചവരുടെ കുടുംബങ്ങള് ഇന്നലെ വൈകിട്ടാണ് അറിയുന്നത്. മലയാളികള് താമസിച്ചിരുന്ന അപ്പാര്ട്ട്മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ഉടമകള് തമ്മില് നേരത്തെ തര്ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു.
ജര്മനിയിലെ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തില് മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര് മരണപ്പെട്ടെന്ന റിപ്പോര്ട്ടുകള് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു (26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിന് ജോണി എന്നിവരാണ് അപകടത്തില് മരിച്ച മലയാളികള്. ജോലിക്കായി ആറ് മാസങ്ങള്ക്ക് മുന്പാണ് നോവ ജര്മനിയിലേക്ക് പോയത്.
കെട്ടിടത്തിന് തീവെച്ചതാണോയെന്ന് പൊലീസും സംശയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. സംഭവത്തില് കുറ്റക്കാരനെന്ന് സംശയിക്കുന്ന 41-കാരനായ റൊമാനിയന് പൗരനെ ജര്മന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
