Home » Blog » Kerala » ടിപ്പർ ലോറിയിൽ നിന്ന് കൂറ്റൻ പാറ റോഡിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രികന് പരിക്ക്
parikk-680x450

ആലപ്പുഴ: കല്ലുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കൂറ്റൻ പാറ റോഡിലേക്ക് തെറിച്ചുവീണ് ഇരുചക്ര വാഹന യാത്രികന് പരിക്ക്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മരങ്ങാട്ട് അനന്തു മുരളിക്ക് (28) ആണ് പരിക്കേറ്റത്. ഇന്ന് (ഒക്‌ടോബർ 14) ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചേർത്തല-തണ്ണീർമുക്കം റോഡിലായിരുന്നു സംഭവം. കൈയ്ക്ക് സാരമായി പരിക്കേറ്റ അനന്തുവിനെ ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

റോഡിൽ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് റോഡിൽ കിടന്ന കൂറ്റൻ പാറ നീക്കം ചെയ്തത്. അപകടത്തിൽ അനന്തുവിന്റെ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഉച്ചസമയമായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.

 

ചേർത്തല-തണ്ണീർമുക്കം റോഡിലൂടെ കരിങ്കല്ലും ഗ്രാവലും കയറ്റി പോകുന്ന ടിപ്പർ ലോറികൾ അമിതവേഗത്തിൽ ചീറിപ്പാഞ്ഞുപോകുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലോറികളിൽ നിന്ന് ചെറിയ കല്ലുകൾ റോഡിലേക്ക് തെറിച്ചുവീഴുന്നതും, ഗ്രാവൽ ഇരുചക്ര വാഹന യാത്രികരുടെ കണ്ണിൽ വീഴുന്നതും നിത്യസംഭവമാണ്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും ലോറി ജീവനക്കാരുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *