Home » Blog » kerala Max » ഇന്ന് മിന്നൽ പ്രതിഷേധങ്ങൾക്ക് നീക്കം; സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്‌നിയില്‍ ഡല്‍ഹി. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. ഒരു തരത്തിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിഷേധക്കാർ പ്രതികരിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്നും യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവിലിറങ്ങും. കൊണാട്ട് പ്ലേസ്, ജന്‍പത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പ്രതിഷേധങ്ങള്‍ക്കാണ് ഇന്ന് നീക്കം. പൗരപ്രമുഖരുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിയാലോചന യോഗം നടക്കും.

 

അതിനിടെ കഴിഞ്ഞദിവസം ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. അജിങ്ക്യ ഷിന്‍ഡെ, സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സംഘം ജന്തർ മന്തറിൽ എത്തിയത്. ജന്തര്‍ മന്തറിനെ സമരകേന്ദ്രമല്ലാതാക്കിയ നടപടിക്ക് പിന്നാലെയായിരുന്നു നേതാക്കൾ ജന്തർ മന്തറിലെത്തിയത്.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് കഴിഞ്ഞദിവസം ഇന്‍ഡ്യാസഖ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സമരം വലിയ വിജയമാണെന്നും രാജ്യത്ത് ജനാധിപത്യം തകര്‍ന്നതായും അത് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിതെന്നുമായിരുന്നു നേതാക്കള്‍ പറഞ്ഞത്.

ജന്തർമന്തറിന് സമരകേന്ദ്രമെന്ന പദവി ലഭിക്കുംവരെ യുവജന വിദ്യാർത്ഥി സംഘടനകളെയടക്കം പങ്കെടുപ്പിച്ച് മിന്നൽ സമരത്തിനാണ് നീക്കം. നവംബർ ഒന്നിന് രാംലീല മൈതാനിയില്‍ ഇന്‍ഡ്യാ മുന്നണി നേതാക്കളെയും എംപിമാരെയും പോഷക സംഘടനാ നേതാക്കളെയും വിവിധ വിദ്യാര്‍ത്ഥി-യുവജന പ്രതിനിധികളെയും പങ്കെടുപ്പിച്ച് വന്‍ റാലിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *