
കൊച്ചി: തദ്ദേശീയ ബ്രാന്‍ഡായ മിവി തങ്ങളുടെ ആദ്യ സ്മാര്‍ട്ട്ഫോണായ മിവി വണ്‍ 5ജി ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയിലൂടെ പുറത്തിറക്കി. ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ 11,999 രൂപ മുതലാണ് പ്രാരംഭ വില. 128 ജിബി സ്റ്റോറേജില്‍ ലഭിക്കുന്ന ഫോണിന്റെ 4 ജിബി റാമിന് 11,999 രൂപയും, 6 ജിബി റാമിന് 13,499 രൂപയും, 8 ജിബി റാമിന് 14,999 രൂപയുമാണ് പ്രത്യേക ഉത്സവകാല വിലകള്‍.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 6.75 ഇഞ്ച് എച്ച്ഡി പ്ലസ് 120 ഹെര്‍ട്സ് ഡിസ്പ്ലേയും സ്റ്റോക്ക് ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റവുമുണ്ട്. 50 മെഗാപിക്സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്സല്‍ മുന്‍ ക്യാമറ, 18 വാട്ട് വേഗമേറിയ ചാര്‍ജിംഗുള്ള 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍. കൂടാതെ ഐപി64 സംരക്ഷണം, സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്ലിയര്ടോക്ക് സാങ്കേതികവിദ്യ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീല, പിങ്ക്, പച്ച, ബര്‍ഗണ്ടി, നേവി ബ്ലൂ എന്നീ അഞ്ച് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.
