
തിരുവനന്തപുരം: പിണറായി വിജയനെതിരായ വിജിലൻസ് എഫ് ഐ ആറിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വേട്ടയാടലിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിജിലൻസ് നടപടി. സമൂഹം നിരാകരിച്ച ഒരു പ്രശ്നം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നു. പിണറായിയെ വേട്ടയാടാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും കള്ളക്കേസെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പിണറായി വിജയനെ ലക്ഷ്യം വെക്കുന്നില്ലെങ്കിൽ എന്തിനാണ് പിണറായിയുടെ വീട് റെയ്ഡ് ചെയ്തത്. കേസിന്റെ സ്വഭാവത്തിനനുസരിച്ച് എങ്ങനെ നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്ന് ആലോചിക്കും. പ്രതിപക്ഷ നേതാവായി പിണറായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. ഈ ഗൂഢാലോചനയിൽ പാർട്ടി പതറില്ല. നിയമപരമായും രാഷ്ട്രീയപരമായും ഏത് അറ്റം വരെയും പോകുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
മാസപ്പടി-ഹവാല ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.
