
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി റിട്ട് അപ്പീൽ അനുവദിച്ചാൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പിണറായി വിജയനായി കോടതിയിൽ ഹാജരാകും. നാല് റിട്ട് അപ്പീലുകളാണ് സമർപ്പിക്കുക. വിഷയത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. അപ്പീൽ ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. സിംഗിൾ ബെഞ്ചിനു മുന്നിലുണ്ടായിരുന്ന ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് പിണറായി അടക്കമുള്ളവർ അപ്പീൽ സമർപ്പിക്കാൻ അനുമതി തേടിയത്.
പിണറായി വിജയന് പുറമെ മകൾ വീണ, മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസും നിഖിലും ചേർന്നും വ്യത്യസ്ത അപ്പീലുകൾ നൽകി. കേസിലെ മറ്റ് പ്രതികളായ വാരിസ്, നന്ദുലാൽ, ഷൈജൽ എന്നിവരും റിട്ട് അപ്പീൽ നൽകും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ ഇത് കോടതിയുടെ മുന്നിലേക്ക് എത്തിക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ഭാഗം. ഇ ഡി സംസ്ഥാന ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
എഫ്ഐആർ റജിസ്റ്റർ ചെയ്താൽ എന്തു സംഭവിക്കുമെന്ന് ജസ്റ്റിസുമാരായ കെ.നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു. തുടർന്ന്, അപ്പീൽ ഫയൽ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. ഒക്ടോബർ 9 ലെ സിംഗിൾ ബെഞ്ച് വിധി പൂർണമായും റദ്ദാക്കുക, എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ സ്റ്റേ ചെയ്യുക തുടങ്ങിയവയാണ് പിണറായി അടക്കമുള്ളവർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ. ആകെ 4 സെറ്റ് അപ്പീലുകളാണ് ഫയൽ ചെയ്തിട്ടുള്ളത്.
